സൗമ്യതയും സജീവതയും കൊണ്ട് സംഘടന രംഗത്ത് കഴിവുതെളിയിച്ച കൊയിലാണ്ടിക്കാരന്‍, യു.രാജീവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം


കൊയിലാണ്ടിയുടെ വികസന രാഷ്ട്രീയത്തില്‍ സങ്കുചിത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജനപക്ഷത്തിന്റെ ശബ്ദമായിരുന്ന യു.രാജീവന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് ഒരുവര്‍ഷം. അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്. മാര്‍ച്ച് 25ന് അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപോയത്.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സൗമ്യതയും സജീവതയും മുഖമുദ്രയാക്കിയാണ് സംഘടനംഗത്ത് കഴിവുതെളിയിച്ചത്. കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു. കെ.ദാസന്‍ ചെയര്‍മാനായിരിക്കെ സ്ഥിരം സമിതി അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.ദാസന്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ ആയിരിക്കെ നഗരസഭാ പ്രതിപക്ഷ നേതാവായും രാജീവന്‍ മാസ്റ്റര്‍ തിളങ്ങിയിരുന്നു. നഗരസഭയുടെ ചെയര്‍മാനും പ്രതിപക്ഷ നേതാവും അയല്‍ക്കാര്‍ ആയിരുന്നുവെന്ന കൗതുകം കൂടിയുണ്ടായിരുന്നു അക്കാലത്തിന്.

കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ബാങ്കിന്റെ ശാഖകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും മുന്‍കൈ എടുത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ജനറല്‍ കണ്‍വീനര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികളും അദ്ദേഹം അലങ്കരിച്ചിരുന്നു.