കുറ്റിക്കാടിലും കൂട്ടിയിട്ട ടയറുകളിലും ആളിപ്പടര്‍ന്ന് തീ; കൊയിലാണ്ടി ടൗണിന് തൊട്ടടുത്തുണ്ടായ തീപിടിത്തത്തിന്റെ വീഡിയോ കാണാം


കൊയിലാണ്ടി: ഉണങ്ങിക്കരിഞ്ഞ കുറ്റിക്കാടിലൂടെ അതിവേഗത്തില്‍ തീ ആളിപ്പടര്‍ന്നത് കണ്ടുനിന്നവരിലും ഭീതി പടര്‍ത്തി. തിങ്കളാഴ്ച രാത്രി 12 മണിയോടെ കൊയിലാണ്ടിയിലുണ്ടായ തീപിടിത്തം കൃത്യസമയത്ത് അണയ്ക്കാനായതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെയായിരുന്നു തീപടര്‍ന്നത്. ലോറി ഡ്രൈവര്‍ സ്ഥലത്തില്ലായിരുന്നു. തീപടര്‍ന്നാല്‍ വലിയ ദുരന്തം തന്നെയുണ്ടായേനെ.

കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്താണ് തീപിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായി അണക്കുകയും ചെയ്തു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്.കെയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ്.പി.കെ, നിധിപ്രസാദ്.ഇ.എം, സിജിത്ത്.സി, വിഷ്ണു, റഷീദ്.കെ.പി, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.