ആള്‍മറയില്‍ ഇരിക്കുന്നതിനിടെ നാല്‍പ്പതുകാരന്‍ കിണറ്റില്‍ വീണു


കോഴിക്കോട്: പൊറ്റമ്മല്‍ ജങ്ഷനിലെ പൊതുകിണറില്‍ വീണ നാല്‍പ്പതുകാരന് രക്ഷകരായി അഗ്നിരക്ഷാസേന. പൊറ്റമ്മല്‍ ഒല്ലൂര്‍പറമ്പില്‍ അഭിലാഷിനെയാണ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.

ആള്‍മറയില്‍ ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ അഭിലാഷ് കിണറ്റിലേക്ക് വീഴുകയായിരുന്നു. പത്തുമീറ്ററോളം വെള്ളത്തില്‍ താഴ്്ന്നുപോയിരുന്നു ഇയാള്‍. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം വെള്ളത്തില്‍ മുങ്ങി യുവാവിനെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.പൗലോസ്, ഫയര്‍ ഓഫീസര്‍മാരായ നിധീഷ്, അഹമ്മദ് റഗീഷ്, മുഹമ്മദ് ആസിഫ്, വി.ലിജാം, എന്‍.മനോജ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അഭിലാഷിനെ രക്ഷിച്ചത്.