കുടുങ്ങിക്കിടന്നതെവിടെ എന്ന് കണ്ടെത്തിയത് ശബ്ദത്തിലൂടെ, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; പേരാമ്പ്രയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ഫയര്‍ ഫോഴ്സ്
പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തുമ്പോള്‍ നാരായണക്കുറുപ്പിനെ കാണാന്‍ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്.
ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പറേന്റെ മീത്തല്‍ നാരായണകുറുപ്പ് മണ്ണിനടിയില്‍ കുടുങ്ങിയത്. അയല്‍വാസിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് മീറ്ററോളം ഉയരത്തില്‍ കെട്ടിയ മതിലാണ് നാരായണക്കുറുപ്പിന്റെ ദേഹത്തേക്ക് വീണത്. സ്വന്തം വീടിന്റെ ചുമരിനോട് ചേര്‍ന്ന് കല്ലും മൂടിയ നിലയിലാണ് അദ്ദേഹം കുടുങ്ങിയത്.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാ സംഘം ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുങ്ങിയ സ്ഥലം തിരിച്ചറിഞ്ഞതോടെ മൂടിക്കിടന്ന കല്ലും മണ്ണും മാറ്റി നാരായണക്കുറുപ്പിനെ മുക്കാല്‍ ഭാഗത്തോളം പുറത്തെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റാതിരിക്കാന്‍ സേന ഏറെ ശ്രദ്ധിച്ചിരുന്നു.
കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയതാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയത്. വളരെ ഇടുങ്ങിയ സ്ഥലത്താണ് അപകടമുണ്ടായത് എന്നതും വെല്ലുവിളിയായി. എന്നാല്‍ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് നാരായണക്കുറുപ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.
പുറത്തെടുത്ത ഉടന്‍ അദ്ദേഹത്തെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലായിരുന്ന അഗ്‌നിരക്ഷാ സേനാംഗള്‍ പിന്നീട് കേട്ടത് തങ്ങള്‍ രക്ഷിച്ച നാരായണക്കുറുപ്പ് ആശുപത്രിയില്‍ മരിച്ചുവെന്നാണ്. കഠിനമായ പരിശ്രമത്തിലൂടെ തങ്ങള്‍ രക്ഷിച്ചയാള്‍ ഒടുവില്‍ വിധിക്ക് കീഴടങ്ങിയെന്ന വാര്‍ത്ത അഗ്‌നിരക്ഷാ സേനാംഗങ്ങളെ സങ്കടത്തിലാഴ്ത്തി.
പേരാമ്പ്ര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.ഭക്തവത്സലന്‍, പി.വിനോദന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ മാരായ എന്‍.എം.ലതീഷ്, ടി.വിജീഷ്, പി.ആര്‍.സത്യനാഥ്, സനല്‍ രാജ്, എന്‍.പി.അനൂപ്, എസ്.ആര്‍.സാരംഗ്, കെ.എന്‍.രതീഷ്, എന്‍.ബിനീഷ്, വി.കെ.ഷൈജു, കെ.സുധീഷ്, ഹോം ഗാര്‍ഡുമാരായ എ.എം.രാജീവന്‍, കെ.പി.ബാലകൃഷ്ണന്‍, വി.കെ.ബാബു എന്നിവരാണ് രക്ഷാപ്രവര്‍ത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കൊപ്പം നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.