ചക്കിട്ട പാറയിൽ മൂന്നു മാസം പ്രായമുള്ള പശുക്കിടാവ് അൻപത് അടി താഴ്ചയുള്ള കിണറ്റിൽ വീണു; രക്ഷകരായി അഗ്നിശമന സേന


ചക്കിട്ടപ്പാറ: മൂന്നു മാസം പ്രായമുള്ള പശുക്കിടാവ് അൻപത് അടി താഴ്ചയുള്ള കിണറ്റിൽ വീണു, രക്ഷകരായി പേരാമ്പ്ര അഗ്നിശമന സേന. ചക്കിട്ടപാറ പഞ്ചായത്തിലെ മുക്കവല എന്ന സ്ഥലത്തെ തൊറക്കൽ എന്ന പറമ്പിലെ കിണറ്റിലാണ് പശുക്കിടാവ് വീണത്. വലിയ ചാലിൽ സുഭാഷിന്റെ 3 മാസം പ്രായമുള്ള പശുക്കുട്ടി അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഏകദേശം 50 അടിയോളം താഴ്ചയും 4 അടിയോളം വെള്ളവുമുള്ള കിണറായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിശമന സേന സ്ഥലത്തെത്തുകയും പശുക്കുട്ടിയെ സുരക്ഷിതമായി കരക്കെത്തിക്കുകയും ചെയ്തു. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ആർ ജിനേഷ് റോപ്പിന്റേയും റസ്ക്യുനെറ്റിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ സി.പി ഗിരീഷ്, അസി.സ്റ്റേഷൻ ഓഫീസർ കെ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ കെ അജേഷ്, പി.ആർ സോജു, ടി ബബീഷ്, ആർ ജിനേഷ്, എൻ.എം രാജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.