തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നാലരലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്; കണ്ടെത്തിയത് ഭരണസമിതി നിയോഗിച്ച ഓഡിറ്റര്‍മാര്‍


തിക്കോടി: തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ 440 361 രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതി തന്നെ നിയോഗിച്ച ഓഡിറ്റര്‍മാരാണ് പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്.

എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വിവരം നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് ഔദ്യോഗിക തലത്തില്‍ അറിയിക്കാതെ മൂടിവെക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി എം.എല്‍.എ ചെയര്‍പേഴ്‌സണായ ബ്ലോക്ക് ലവല്‍ അഡൈ്വസറി കമ്മിറ്റി അന്വേഷണത്തിന് ഉത്തരവിട്ടു.

കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായി അഗ്രോ സര്‍വ്വീസ് സെന്റര്‍ നടത്തിപ്പിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. അഗ്രോ സര്‍വ്വീസ് സെന്ററിന്റെ സെക്രട്ടറി തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ സ്ഥാപനം കിഴൂരില്‍ നടത്തുന്നതായി വാര്‍ത്തയുണ്ട്. മേലടി ബ്ലോക്ക് പരിധിയിലെ കൃഷിക്കാര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളും ലഭ്യമാക്കുക എന്നതാണ് അഗ്രോ സര്‍വ്വീസ് സെന്റര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കൃഷിക്കാര്‍ക്ക് യാതൊരു ഗുണവും ഈ സ്ഥാപനം മൂലം ഉണ്ടായിട്ടില്ല.

ഇതിന്റെ കീഴിലുള്ള ബയോ ഫാര്‍മസിയില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി കൃഷിക്കാര്‍ക്ക് ആവശ്യമായ ഒന്നും തന്നെ വിതരണത്തിനായി എത്തിക്കുന്നില്ല. ബയോഫാര്‍മസി യുടെ കുത്തഴിഞ്ഞ നടത്തിപ്പുകാരണം 2022 – 23 വര്‍ഷത്തില്‍ 322150 രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്.

നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ആണ്.