നിപാ വൈറസിനെതിരെ പോരാടിയ മാലാഖ; സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് അഞ്ചാണ്ട്


Advertisement
പേരാമ്പ്ര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ ചക്കിട്ടപ്പാറ സ്വദേശിനി സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ്. സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും.

സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാർത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ്. ആത്മാർത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഈ ‘ഭൂമിയിലെ മാലാഖ.

Advertisement

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് നിപ വൈറസ് ബാധിച്ചത്. 2018 മേയ് 19-നാണ് നിപയുടെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായത്. 20-ന് പുണെയില്‍ നിന്നുള്ള റിസള്‍ട്ടുകൂടി ലഭിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴങ്ങി. ഇതിനിടയില്‍ മേയ് 21-ന് നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂഷിച്ച പ്രേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി രോഗബാധ മൂലം മരിച്ചത്. ഇത് കേരളജനതയെ ആകെ കടുത്ത വിഷമത്തിലാഴ്ത്തി. ആതുരസേവന രംഗത്ത് ഒരിക്കലും മറക്കാനാവാത്ത സേവനമാണ് സിസ്റ്റര്‍ ലിനി നല്‍കിയത്.

Advertisement

പനിയുമായി എത്തിയ സാബിത്തിനെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, ഇത് തന്റെ ജീവനും അപഹരിക്കാൻ പോവുകയാണെന്ന്. പരിചരിച്ച സാബിത്ത് മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങി. ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ആരോഗ്യമേഖലയുടെ ത്യാഗനിർഭരമായ സേവനം ഓർമ്മിക്കപ്പെടാനും ആദരിക്കപ്പെടാനും സ്വന്തം ജീവനർപ്പിച്ച് ലിനി നിമിത്തമായി.

Advertisement

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ജീവനു തുല്യം സ്‌നേഹിച്ച തന്റെ ഭർത്താവിനെയും അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. കണ്ണു നനയിച്ച ജീവിതത്തെ ആദരിച്ച് ലിനിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു. ഗൾഫിലെ ജോലി നഷ്ടമായ സജീഷിന് ആരോഗ്യവകുപ്പിൽ ജോലി നൽകി.