ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് പയ്യോളിയിൽ ഫൈബർ വള്ളം മറിഞ്ഞു; തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു
പയ്യോളി: പയ്യോളിയിൽ മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടതിനാൽ ആളപായമില്ല. പയ്യോളി സായിവിൻ്റെ കാട്ടിൽ റാഫിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്. പയ്യോളി തീരത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
ശക്തമായ കാറ്റിലും ഉയർന്ന തിരമാലയിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു. ഇതോടെ വള്ളം ഉപേക്ഷിച്ച് ബോട്ടിലുണ്ടായിരുന്നവർ നീന്തിരക്ഷപ്പെട്ടു. റാഫി, സായിവിൻ്റെ കാട്ടിൽ അഷ്റഫ്, കുഞ്ഞബ്ദുല്ല എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് മൂന്നു പേരടങ്ങിയ സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്.
നീന്തിക്കരയിലെത്തിയ റാഫി റോപ്പുമായി നീന്തി വീണ്ടും മറിഞ്ഞ വള്ളത്തിനടുത്തെത്തി റോപ്പ് ഉപയോഗിച്ച് കെട്ടിവലിച്ച് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കെത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്ന രണ്ടിനം വലകൾ, ബാറ്ററി, ലൈറ്റ് സിസ്റ്റം, രണ്ടുമൊബൈൽ ഫോണുകൾ എന്നിവ നഷ്ടപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് എഞ്ചിൻ തകരാറിലായി.