പനി, ക്ഷീണം, ശക്തമായ ശരീരവേദന; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം, എലിപ്പനിയുടെ ലക്ഷണമാവാം, എടുക്കാം മുന്‍കരുതലുകള്‍
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.
കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. കൈയുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന കാലയളവില്‍ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ഡി എം ഒ അറിയിച്ചു.
സ്‌പൈറൊക്കീറ്റ്‌സ് വിഭാഗത്തില്‍ പെട്ട ബാക്റ്റീരിയ മൂലം ആണു എലിപ്പനി രോഗം ഉണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളില്‍ എത്തുന്ന ഈ രോഗാണു ആ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ശരീരത്തില്‍ എത്തി അവര്‍ രോഗബാധിതര്‍ ആവുന്നു. പനി, തലവേദന, മൂത്രത്തിനു നിറവ്യത്യാസം തുടങ്ങിയവയാണു എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍.
പ്രതിരോധ മാര്‍ഗങ്ങള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക. കാലിലോ, ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ പറ്റാത്തസാഹചര്യങ്ങളില്‍ ഗം ബൂട്ടുകള്‍, കൈയുറകള്‍ എന്നിവ ഉപയോഗിക്കുക.
ഭക്ഷണ സാധനങ്ങളും വെള്ളവും എലി മൂത്രവും വിസര്‍ജ്യവും കലരാത്ത രീതിയില്‍ മൂടിവയ്ക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവര്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയവര്‍ എലിപ്പനി മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.
പനിയോ മറ്റു രോഗ ലക്ഷണങ്ങളോ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തി ചികിത്സതേടുക.