ഘോഷയാത്രയ്ക്ക് മിഴിവേകി നൃത്തരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും; കീഴരിയൂരിന് ഇനി ഉത്സവ നാളുകള്‍, ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം


കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്‌ക്കാരികോത്സവമായ കീഴരിയൂര്‍ ഫെസ്റ്റിന് വര്‍ണാഭമായ തുടക്കം. വൈകിട്ട് നാലുമണിക്ക് ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ 13 വാര്‍ഡുകളില്‍ നിന്നും നിശ്ചല ദൃശ്യങ്ങളും ബാന്റ് മേളങ്ങളും, മറ്റു കലാപ്രകടനങ്ങളും അണിനിരന്നു. ഏറ്റവും മുന്‍പില്‍ പഞ്ചവാദ്യം, പിന്നിലായി ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൗട്ട് ഗൈഡ്, സാംസ്‌കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, മഹിളാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍, മോട്ടോര്‍ തൊഴിലാളികള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എന്നിവര്‍ അണിനിരന്നു. കഥകളി, ഓട്ടം തുള്ളല്‍, ദഫ് മുട്ട്, നിശ്ചല ദൃശ്യങ്ങള്‍, കുച്ചുപ്പടി, ഭരതനാട്യം, മോഹിനിയാട്ടം, ചെണ്ടമേളം, ബാന്റ് വാദ്യം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇടത് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കീഴരിയൂര്‍ ഫെസ്റ്റ് ജനകീയ സാംസ്‌കാരികോത്സവം മാതൃകാപരമാണെന്നും കക്ഷി രാഷ്ട്രീയമന്യേ ഉള്ള ഇത്തരം കൂട്ടായ്മ നാടിന്റെ പുരോഗതിക്ക് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ പി.കെ.ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ഐ.സജീവന്‍, ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദന്‍, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസബ് കീഴരിയൂര്‍, എം.കെ.രൂപേഷ്, പി.കെ.എം.ബാലകൃഷ്ണന്‍, അഡ്വ.എം.ലിജീഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം.രവീന്ദ്രന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കുഞ്ഞിരാമന്‍, ഗിരിജ മനത്താനത്ത്, പി.ഗോപാലന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ഹരീന്ദ്രന്‍, ലാല്‍പുരി ലീല, അഡ്വ.കെ.കെ.ലക്ഷ്മി ഭായി, സംഘാടക സമിതി ട്രഷറര്‍ കെ.സി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് റിയ രമേഷ് ടീം നേതൃത്വം കൊടുത്ത നൃത്താവിഷ്‌കാരവും ഹൃദയ സംഗീത സംഗമം മേഘമല്‍ഹാറും അരങ്ങേറി. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ജേതാവ് സുനില്‍കുമാര്‍ പിന്നണി ഗായിക ശബ്ന അസം, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ആതിര, ടിവി സൂപ്പര്‍ ട്രൂപ്പ് ഫെയിം കൃഷ്ണന്‍ എന്നിവര്‍ അണിനിരന്നു.