കീഴരിയൂരില്‍ ഇനി ഉത്സവനാളുകള്‍; അകലാപ്പുഴയുടെ തീരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കം


മേപ്പയൂര്‍: പരന്നൊഴുകുന്ന അകലാപ്പുഴയുടെ തീരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ കീഴരിയൂര്‍ ഫെസ്റ്റിന് തുടക്കം. നാല് നാള്‍ നീണ്ടുനില്‍ക്കുന്ന നാടിന്റെ ഉത്സവം ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

അകലാപ്പുഴ ജിപ്‌സിയ ബോട്ട് സെന്ററിന് സമീപത്തെ മുഖ്യവേദിയിലാണ് പരിപാടികള്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം.രവീന്ദ്രന്‍, കൊയിലാണ്ടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.വി.ബിജു, വ്യവസായ പ്രമുഖന്‍ തെനങ്കാലില്‍ ഇസ്മയില്‍, പഞ്ചായത്തംഗം ഗോപാലന്‍ കുറ്റിയായത്തില്‍, കെ.ടി.രാഘവന്‍, ഇടത്തില്‍ ശിവന്‍, ടി.യു.സൈനുദ്ദീന്‍, കെ.ടി.ചന്ദ്രന്‍, ടി.കെ.വിജയന്‍, ടി. ബാബു, കെ.എം സുരേഷ് ബാബു, സയ്യിദ് തയ്യില്‍, സംഘാടക സമിതി കണ്‍വീനര്‍ ദാസന്‍ എടക്കുളം കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ ഒമ്പതിന് വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തിയ ചിത്രോത്സവം ചിത്രകാരന്‍ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സജീവ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ഇടത്തില്‍ രാമചന്ദ്രന്‍, സ്വാഗത സംഘം ചെയര്‍മാന്‍ എം.എം.രവീന്ദ്രന്‍, കെ.ടി.രവി, ബേബി ലാല്‍പുരി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ നടന്ന ഘോഷയാത്രയില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയെ ആവേശക്കടലായി. കാലത്ത് നടന്ന ചിത്രോത്സവത്തില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രാത്രി 7.30 ന് തെരുവ് ഗായകന്‍ ബാബു ഭായ് ഒരുക്കിയ ഗാനസന്ധ്യയും തുടര്‍ന്ന് ഗോള്‍ഡന്‍ ഡ്രാഗന്‍ കരാട്ടെ അക്കാദമിയുടെ കരാട്ടേ പ്രദര്‍ശനവും രാത്രി 8.30 ന് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇശല്‍ മഴയായ് ഒപ്പനയും നാട്ടു പൊലിമ കലാപരിപാടിയും അരങ്ങേറി.

ഫെസ്റ്റില്‍ ഇന്ന്:

കീഴരിയൂര്‍ ഫെസ്റ്റില്‍ ഇന്ന് കാലത്ത് 10 ന് ജീവിത ശൈലീ രോഗ നിര്‍ണയ ക്യാംപ്. വൈകീട്ട് 4ന് കായല്‍ ടൂറിസം പ്രശ്‌നങ്ങളും സാധ്യതകളും സെമിനാര്‍, വൈകീട്ട് 5ന് മെഗാ തിരുവാതിര, 6 ന് ഐക്യകേരള കളരി സംഘത്തിന്റെ കളരിപ്പയറ്റ് പ്രദര്‍ശനം, 7.30 ന് സരോവരം സ്‌കൂള്‍ ഓഫ് പെര്‍ഫോമിംങ്ങ് ആര്‍ട്‌സ് ഒരുക്കുന്ന കലാസന്ധ്യ.