താമരശ്ശേി രൂപതാംഗമായ ഫാദര്‍ മാത്യു തകിടിയേല്‍ അന്തരിച്ചു
താമരശ്ശേരി: ഫാദര്‍ മാത്യു തകിടിയേല്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 9മുതല്‍ ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചാപ്പന്‍തോട്ടം ഇടവകയിലുള്ള, സഹോദരന്‍ വക്കച്ചന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ചാപ്പന്‍തോട്ടം സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര കര്‍മ്മങ്ങള്‍ വൈകിട്ട് 4.00 മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്നതാണ്.
1950 ജൂണ്‍ 30ന് താമരശ്ശേരി രൂപതയിലെ ചാപ്പന്‍തോട്ടം ഇടവകയിലെ പരേതരായ തകിടിയേല്‍ ജോസഫ് – മേരി ദമ്പതികളുടെ മകനായി ജനനം. ഭരണങ്ങാനത്തായിരുന്നു പ്രാഥമിക, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. ശേഷം തലശ്ശേരി രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.
തുടര്‍ന്ന് ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്റിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയായാക്കി. അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1975 ഡിസംബര്‍ 23 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് ചാപ്പന്‍തോട്ടം ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
ശേഷം വിലങ്ങാട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച ഫാദര്‍ മാത്യു തുടര്‍ന്ന് കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി നിയമിക്കപ്പെട്ടു. മഞ്ഞക്കുന്ന്, തലശ്ശേരി അതിരൂപതയിലെ വിജയപുരി (കൊട്ടോടി), പൂഴിത്തോട്, ചെമ്പുകടവ്, ചക്കിട്ടപാറ, പുഷ്പഗിരി, വിലങ്ങാട്, പെരുവണ്ണാമൂഴി എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.