‘ഭാര്യയുടെ മരണശേഷം മക്കളുടെ എല്ലാകാര്യത്തിലും ശ്രദ്ധാലുവായ അച്ഛന്‍’, സുമേഷ് മക്കളെ കൊലപ്പെടുത്തിയെന്നത് വിശ്വസിക്കാനാകാതെ നാട്; അയനിക്കാട്ടെ കൊലപാതകത്തില്‍ പരിശോധന പുരോഗമിക്കുന്നു


പയ്യോളി: അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കിയെന്ന കാര്യം എങ്ങനെ മക്കളെ അറിയിക്കുമെന്ന ആശങ്കയോടെ വീട്ടിലെത്തിയ നാട്ടുകാര്‍ക്ക് കാണേണ്ടിവന്നത് ജീവനറ്റ രണ്ട് പെണ്‍കുട്ടികളെയാണ്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപം പുതിയോട്ടില്‍ സുമേഷിന്റെ മരണവും രണ്ട് മക്കളുടെ കൊലപാതകവും പ്രദേശവാസികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്.

ഗോപിക (16)യുടെയും ജ്യോതിക (10)നേയും കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. മക്കള്‍ക്ക് വിഷംനല്‍കി മരണം ഉറപ്പാക്കിയശേഷം സുമേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. മക്കളുടെ മൃതദേഹത്തിനടുത്തായി സ്വപ്‌നയുടെ ഫോട്ടോവെച്ചിരുന്നു. ഇതിനടുത്ത് ”ഭാര്യയുടെ അടുത്തേക്ക് പോകുന്നു” എന്നെഴുതിയ കുറിപ്പുമുണ്ടായിരുന്നു.

സുമേഷും മക്കളും പ്രദേശവാസികള്‍ക്കെല്ലാം ഏറെ പരിചിതരാണ്. മക്കള്‍ നന്നായി പാട്ടുപാടും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംഘഗാനത്തിന് എഗ്രേഡ് നേടിയ ടീമില്‍ ഗോപികയുമുണ്ടായിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സുമേഷ് കോവിഡിന് തൊട്ടുമുമ്പാണ് നാട്ടിലേക്ക് വന്നത്. ഭാര്യ സ്വപ്ന കോവിഡ് ബാധിച്ചാണ് മരിച്ചത്. സ്വപ്‌നയുടെ മരണശേഷം മക്കളുടെ എല്ലാകാര്യത്തിലും ശ്രദ്ധാലുവായിരുന്ന അച്ഛനായിരുന്നു സുമേഷെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.

സുമേഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗോപികയുടെയും ജ്യോതികയുടെയും മൃതദേഹത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. പൊലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.