വയസ് എണ്‍പതാണേലും സ്‌ട്രോങ്ങാണ്! വടകരയിലെ പത്മശ്രീ മീനാക്ഷി ഗുരുക്കളോട് ‘അങ്കത്തട്ടില്‍ പൊരുതി’ ഷാഫി പറമ്പില്‍


വടകര: പത്മശ്രീ മീനാക്ഷി ഗുരുക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍. എം.എല്‍.എ കെ.കെ രമക്കൊപ്പം ജനതാറോഡിലെ കടത്തനാട് കളരിയിലെത്തിയാണ് ഷാഫി ഗുരുക്കളെ സന്ദര്‍ശിച്ചത്.

വിശേഷങ്ങള്‍ പറഞ്ഞശേഷം ഗുരുക്കള്‍ക്കൊപ്പം വാളും പരിചയുമെടുത്ത് ചുവടുകള്‍ വെക്കുകയും ചെയ്തു. ശേഷം കളരിയിലുണ്ടായിരുന്നു മറ്റുള്ളവരോട് വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്ത ശേഷമാണ് കളരിയില്‍ നിന്നും മടങ്ങിയത്.

കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി കളരി രംഗത്തുണ്ട് മീനാക്ഷി ഗുരുക്കള്‍. എട്ടാം വയസില്‍ അച്ഛനാണ് ഗുരുക്കളെ കളിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് വിവാഹശേഷം ഭര്‍ത്താവ് വി.പി രാഘവന്‍ ഗുരുക്കള്‍ക്കൊപ്പം കളരിയില്‍ തന്നെ പൂര്‍ണമായി സജീവമാകുകയായിരുന്നു. രാഘവന്‍ ഗുരുക്കളുടെ മരണശേഷം മീനാക്ഷി ഗുരുക്കള്‍ കടത്തനാട് കളരി സംഘത്തിന്റെ ചുമതല ഏറ്റെടുത്തു. ഇന്ന് വിദേശത്തും നാട്ടിലുമായി നിരവധി പേരാണ് ഗുരുക്കള്‍ക്ക് കീഴില്‍ കളരി അഭ്യസിക്കുന്നത്.

ഷാഫി പറമ്പിലിനായി വ്യത്യസ്ത പ്രചാരണ രീതികളാണ് കോണ്‍ഗ്രസ് വടകരയില്‍ നടത്തുന്നത്. ഷാഫിക്കായി കല്ല്യാണക്കത്ത് രൂപത്തില്‍ പ്രവര്‍ത്തകര്‍ നടത്തുന്ന വോട്ടഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാണ്.