വീട്ടില്‍ക്കയറി അടിച്ചു; കോഴിക്കോട് മകന്റെ മര്‍ദ്ദനമേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു


കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു. കുണ്ടായിരത്തോട് സ്വദേശി ഗിരീഷാണ് മകന്‍ സനലിന്റെ മര്‍ദനമേറ്റ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന്‍ മര്‍ദിച്ചത്. സഹോദരന്മാര്‍ക്കോപ്പം തറവാട്ടിലായിരുന്നു. ഗിരീഷിന്റെ താമസം.

സഹോദരന്മാരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗിരീഷിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഗിരീഷ് ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. അമ്മയും മകനും മറ്റൊരു വീട്ടിലാണ് താമസം. ഒരു വര്‍ഷത്തോളമായി ഗരീഷും ഭാര്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. നാളെയായിരിക്കും പോസ്റ്റ്‌മോര്‍ട്ടം

ആശുപത്രിയിലായിരിക്കെ കഴിഞ്ഞദിവസം ഇയാള്‍ അച്ഛനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ മകന്‍ ഒളിവില്‍പ്പോയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.