മകനോടുള്ള വൈരാഗ്യത്തിന് കടയില്‍ കഞ്ചാവ് വെച്ച് എക്‌സൈസിനെ വിവരമറിയിച്ചു; മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍


മാനന്തവാടി: മകനോടുള്ള വൈരാഗ്യത്തില്‍ മറ്റുള്ളവരുടെ സഹായത്തോടെ മകന്റെ കടയില്‍ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറി (67) നെയാണ് മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍ അറസ്റ്റുചെയ്തത്.

2.095 ഗ്രാം കഞ്ചാവാണ് കടയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി-മൈസൂരു റോഡില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ നടത്തുന്ന പി.എ. ബനാന എന്ന സ്ഥാപനത്തിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ കര്‍ണാടകയില്‍ നിന്നും കഞ്ചാവ് എത്തിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയിരുന്ന സമയത്താണ് കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചത്. കടയില്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം എക്സൈസിനു നല്‍കിയതും അബൂബക്കര്‍ തന്നെയാണ്. ഓട്ടോ ഡ്രൈവര്‍ ജിന്‍സ് വര്‍ഗീസും അബ്ദുള്ള (ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക സ്വദേശിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തി കഞ്ചാവ് കടയില്‍ കൊണ്ടുവെച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നൗഫലിന്റെ നിരപരാധിത്വം എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും ബോധ്യപ്പെട്ടതോടെ അറസ്റ്റുചെയ്ത അന്നുതന്നെ നൗഫലിന് ജാമ്യവും നല്‍കി. പിന്നീടുള്ള അന്വേഷണത്തില്‍ അബൂബക്കര്‍ മറ്റുള്ളവരുടെ സഹായത്തോടെ കഞ്ചാവ് കടയില്‍ കൊണ്ടുവെക്കുന്നതായി വ്യക്തമായി. അബൂബക്കറിനെ മുഖ്യപ്രതിചേര്‍ത്താണ് എക്സൈസ് കേസ് രജിസ്റ്റര്‍ചെയ്തത്.

SUmmary: Father arrested for trying to trap son in ganja case.