”ഒരു ദിവസം പഴക്കമുണ്ടായിരുന്ന മൃതശരീരം വീട്ടിലെത്തിച്ചത് വികൃതമായ നിലയില്‍”; അരിക്കുളം സ്വദേശിയായ ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി



കൊയിലാണ്ടി:
ഝാര്‍ഖണ്ഡില്‍ കുഴഞ്ഞുവീണു മരിച്ച അരിക്കുളം സ്വദേശിയായ ജവാന്‍ സുധില്‍ പ്രസാദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം ശരിയായ രീതിയില്‍ എംബാം ചെയ്യാതെയാണ് വീട്ടിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുഖം തിരിച്ചറിയാനാവാത്ത വിധം വീര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന തരത്തിലായിരുന്നു മൃതദേഹം. ഇക്കാര്യം സേനാ അധികൃതരെ അറിയിക്കുമെന്ന് പഞ്ചായത്തംഗം കെ.അഭിനീഷ് പറഞ്ഞു.

മൃതദേഹം വല്ലാതെ ചീര്‍ത്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു ദിവസത്തെ പഴക്കമുള്ള മൃതദേഹം ഇത്തരത്തിലായത് ശരിയായ രീതിയില്‍ എംബാം ചെയ്യാത്തതിനാലാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഝാര്‍ഖണ്ഡില്‍ പരിശീലനത്തിനിടെയാണ് സുധില്‍ കുഴഞ്ഞുവീണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈകുന്നേരമാണ് റോഡ് മാര്‍ഗം അരിക്കുളം കാരയാട്ടെ വീട്ടിലെത്തിച്ചത്.