കോഴിക്കോട് മുക്കുപണ്ട തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന മുൻ കോൺഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രതി പിടിയില്‍
കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവില്‍ വെച്ച് മുക്കം പൊലീസ് പിടികൂടിയത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസില്‍ പ്രതിയായതോടെ ബാബുവിനെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയായ ബാബു ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് മുക്കം പൊലീസ് ബെംഗളൂരുവിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ദളിത് കോണ്‍ഗ്രസ് നേതാവായ വിഷ്ണു, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെ അപ്രൈസര്‍ മുക്കം സ്വദേശി മോഹനന്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യാ ചെയ്തിരുന്നു.
വിഷ്ണു പന്തീരാങ്കാവിലെ മറ്റൊരു ബാങ്കില്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയ ഘട്ടത്തില്‍ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിലറിയിച്ചതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞു തുടങ്ങിയത്. പോലീസ് അന്വേഷണമാരംഭിച്ചതോടെ കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വരുകയായിരുന്നു. കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മുഴി ശാഖയിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പരാതി ഉയര്‍ന്നതോടെ ബാബു പൊലുകുന്നത്തിനെയും വിഷ്ണുവിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.