ആട്, പശു വളര്‍ത്തലില്‍ പരിശീലനം നേടാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍ (21/05/2022)


കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള്‍

ആട് വളർത്തൽ പരിശീലനം 25, 26  തിയ്യതികളിൽ  

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആട് വളർത്തൽ’ എന്ന വിഷയത്തിൽ മെയ് 25, 26  തീയതികളിലായി പരിശീലനം നടത്തും. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ നാല് മണി വരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ 0491- 2815454, 9188522713 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ഇന്റർവ്യൂ മേയ് 27ന്

ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽസ്/ ഇലക്ട്രോണിക്‌സ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെൻഡർ രേഖകൾ തയ്യാറാക്കുക. നിർവ്വഹണ മേൽനോട്ടം വഹിക്കുക, അളവുകൾ രേഖപ്പെടുത്തുക, ബിൽ തയ്യാറാക്കുക, എസ്റ്റിമേറ്റുകൾ പരിശോധിച്ച് സാങ്കേതികാനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി എൻജിനീയർമാരുടെ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ മേയ് 27 ന് രാവിലെ 11 മണിയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൊതുമരാമത്ത് ഇലക്ട്രിക്കൽസ്/ ഇലക്ട്രോണിക്‌സ്, കെ.എസ്.ഇ.ബി, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്നും വിരമിച്ച എൻജിനീയർമാർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0495 2371907, 9846486999.

എം.ബി.എ. ഓൺലൈൻ ഇന്റർവ്യൂ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ 2022- 24 എം.ബി.എ ബാച്ചിലേക്ക് മേയ് 23 രാവിലെ 10 മുതൽ 12 വരെ  ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം  മാർക്കും, സി- മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ- മാറ്റ്/ ക്യാറ്റ്  യോഗ്യത നേടിയിട്ടുള്ളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി  ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്:  meet.google.com/znw-hcgo-ebv. ഫോൺ: 8547618290, വെബ്സൈറ്റ്: www.kicmakerala.ac.in

പശു വളർത്തൽ പരിശീലനം

കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം കക്കാട് റോഡിലുള്ള പുതിയ കെട്ടിടത്തിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മേയ് 25, 26 തീയതികളിൽ പശു പരിപാലനം എന്ന വിഷയത്തിൽ ദ്വിദിന പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 9446471454 എന്ന നമ്പറിലേക്ക് പേരും, മേൽവിലാസവും വാട്ട്‌സ്ആപ്പ് സന്ദേശമായി മെയ് 23നകം അയക്കണം. ഫോൺ: 04972-763473

റീ ടെൻഡർ ക്ഷണിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ അർഹതപ്പെട്ട പെൺകുട്ടികൾക്കായി ആയോധന കലയിൽ പരിശീലനം നൽകുന്നു. 10 മാസമാണ് പദ്ധതിയുടെ കാലയളവ്. ആയോധന കലയിൽ പ്രാവീണ്യമുള്ള പരിശീലകർ/ സ്ഥാപനങ്ങളിൽനിന്നും മാനദണ്ഡാധിഷ്ഠിത റീ ടെൻഡർ ക്ഷണിച്ചു. മേയ് 30 ന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും.  ഫോൺ: 0495 2378920.

 

പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗ് മേയ് 24ന്

കോഴിക്കോട് ജില്ലാ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിംഗ് മേയ് 24ന് രാവിലെ 11 മണിക്ക് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും 25ന് രാവിലെ11 മണിക്ക് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും.

സ്കൂളുകളിൽ ഔഷധത്തോട്ടം പദ്ധതിക്ക് തുടക്കമായി

ലോക ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ഔഷധത്തോട്ടം പദ്ധതി ആരംഭിച്ചു. ചേളന്നൂർ എ.കെ.കെ.ആർ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സുരേഷ് കുമാർ അധ്യക്ഷനായി. ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോ ഓഡിനേറ്റർ കെ.പി. മഞ്ജു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗം എൻ.രമേശൻ, പഞ്ചായത്ത് കൺവീനർ ശശികുമാർ ചേളന്നൂർ, സ്കൂൾ പ്രിൻസിപ്പൽ കെ. മനോജ് കുമാർ, പ്രധാനാധ്യാപിക ബി.എസ്. ഷീജ, തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനതല അംഗീകാര നിറവിൽ കൊടിയത്തൂർ; പട്ടികജാതി ഫണ്ട് പൂർണമായി ചെലവഴിച്ചതിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

2021- 2022 വാർഷിക പദ്ധതിയിൽ പ്രത്യേക ഘടകപദ്ധതിയായ എസ്.സി പദ്ധതിക്കുവേണ്ടി നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ചതിനുള്ള സംസ്ഥാനതല പുരസ്‌കാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്. തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഡയറക്ടർ എച്ച്‌. ദിനേശനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും പഞ്ചായത്ത് അധികൃതരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ 289 ഗ്രാമപഞ്ചായത്തുകൾക്കാണ് ഈ നേട്ടം കരസ്ഥമാക്കാനായത്. തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കൊടിയത്തൂർ, കോടഞ്ചേരി  ഗ്രാമപഞ്ചായത്തുകളാണ്  ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായ കോളനി നവീകരണം, ലൈഫ് പദ്ധതിയിൽ വീടുകളുടെ പൂർത്തീകരണം, വീട് റിപ്പയറിംഗ്, പദ്ധതിയിലുൾപ്പെടുത്തിയ റോഡുകളുടെ പൂർത്തീകരണം തുടങ്ങിയ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് എസ്.സി പ്രൊജക്ട് വിഭാഗത്തിൽ നടപ്പാക്കിയത്. കൂടാതെ എസ്.സി കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണവും വിജയകരമായി നടപ്പാക്കിയിരുന്നു.

എസ്.സി ഫണ്ട് ചെലവഴിക്കല്‍: തിക്കോടി പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി.

നൂറ് ശതമാനം എസ്.സി ഫണ്ട് ചെലവഴിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കേരള സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം തിക്കോടി പഞ്ചായത്ത് ഏറ്റുവാങ്ങി. സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു അലക്സില്‍നിന്നും പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേതൃതത്തില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പുരസ്കാരം ഏറ്റുവാങ്ങി. തൃശൂര്‍ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രനില സത്യന്‍, ജീവനക്കാര്‍ക്ക് വേണ്ടി സെക്രട്ടറി രാജേഷ് ശങ്കര്‍,രാജേഷ് എന്നിവര്‍ പങ്കെടുത്തു.

സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാണിമേൽ ഗ്രാമ പഞ്ചായത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഒരു വർഷം ഒരു ലക്ഷം സംരംഭംങ്ങൾ എന്ന ലക്ഷ്യത്തോടെ നടത്തിയ സംരംഭകത്വ ശില്പശാല വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡൻറ് സെൽമ രാജു  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

എൺപതോളം പേർ പങ്കെടുത്ത ശില്പശാലയിൽ തൂണേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ  പി.ഡി.ശരത് സംരംഭ സാധ്യതകൾ വിശദീകരിച്ചു. എഫ് എൽ സി പി. രത്നാകര കുറുപ്പ് സംരംഭം തുടങ്ങുന്നതിനാവശ്യമായ ലോണുകൾ എങ്ങനെ ലഭിക്കാം എന്നതിനെ കുറിച്ച് സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ. ശിവറാം, ചേലക്കാടൻ കുഞ്ഞമ്മദ്, റസാഖ് പറമ്പത്ത്, പി.ശാരദ, റംഷിദ് ചേരനാണ്ടി,  എ.പി.ഷൈനി തുടങ്ങിയവർ പങ്കെടുത്തു.


ലാപ്ടോപ് വിതരണം ചെയ്തു

കോഴിക്കോട് കോർപ്പറേഷൻ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. 118 വിദ്യാർഥികൾക്കാണ് ലാപ്ടോപ് നൽകുന്നത്.

വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഒ.പി.ഷിജിന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.സി.രാജൻ, പി.കെ.നാസർ, ഫിഷറീസ് വർക്കിംഗ്‌ ഗ്രൂപ്പ്‌ ചെയർപേഴ്സൺ പണ്ടാരത്തിൽ പ്രസീന എന്നീവർ സംസാരിച്ചു. കൗൺസിലർ തൊട്ടുങ്ങൽ രജനി സ്വാഗതവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സുനീർ നന്ദിയും പറഞ്ഞു.

പ്രവാസിമലയാളികളുടെ ക്ഷേമം: യോഗം ജൂൺ 2ന്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ജൂൺ രണ്ടിന് രാവിലെ 10.30 ന് കോഴിക്കോട്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികൾ പ്രവാസി സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സ്വീകരിക്കും. ഫോൺ: 0495 2370582.