അവശ്യ ഘട്ടങ്ങളിൽ മണ്ണ് മാറ്റുന്നതിനും മരം മുറിച്ചു മാറ്റുന്നതിനുമായി ജെസിബി, കൺട്രോൾ റൂം, ലേബർ പൂൾ; മഴക്കാല ദുരന്തങ്ങളെ നേരിടാൻ തയ്യാറായി കൊയിലാണ്ടി


കൊയിലാണ്ടി: മഴക്കാല ദുരന്തങ്ങളെ നേരിടാനൊരുങ്ങി കൊയിലാണ്ടി. കാലവർഷത്തിന് മുന്നോടിയായി കൊയിലാണ്ടി താലൂക്കിൽ സ്വീകരിക്കേണ്ട  മഴക്കാലമുന്നൊരുക്കം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഡെപ്യൂട്ടി കലക്ടർ കെ. ഹിമയുടെ അധ്യക്ഷതയിൽ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐ.ആർ.എസ്) ടീമിന്റെ ആദ്യ യോഗം ചേർന്നു. ജൂൺ ഒന്നിന് ഒരാഴ്ച മുൻപുതന്നെ ഉദ്യോഗസ്ഥരെയും സേവനങ്ങളെയും  കോർത്തിണക്കി പ്രവർത്തന സജ്ജമായിരിക്കാൻ ഡെപ്യൂട്ടി കലക്ടർ ടീമിന് നിർദേശം നൽകി.

സർക്കാർ വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ലഭ്യത ഉറപ്പാക്കാൻ കോൺടാക്ട് നമ്പർ അടക്കമുള്ള ഡാറ്റാബേസ് തയ്യാറാക്കാനും  അവശ്യ ഘട്ടങ്ങളിൽ മണ്ണ് മാറ്റുന്നതിനും മരം മുറിച്ചു മാറ്റുന്നതിനുമായി ജെസിബി, ക്രയിൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തണമെന്നും ഡെപ്യൂട്ടി കലക്ടർ നിർദേശിച്ചു. വില്ലേജ് ഓഫീസർമാർ അതത് പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി പരിശോധിച്ച് ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറണം. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണം.

അത്യാഹിത ഘട്ടങ്ങളിൽ റെസ്ക്യൂ വളന്റിയർമാരുടെ ലേബർ പൂളും സജ്ജമാക്കണം. 24 മണിക്കൂറും  കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട് (താലൂക്ക് എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ -0496 2623100 ). ഡെപ്യൂട്ടി കലക്ടർ റെസ്പോൺസിബിൾ ഓഫീസർ ആയും തഹസിൽദാർ ഇൻസിഡന്റ് കമാൻഡറുമായും കൊയിലാണ്ടി സി ഐ ഓപ്പറേഷൻ സെക്ഷൻ ചീഫ്, ജോയിന്റ് ആർ.ടി.ഒ ലോജിസ്റ്റിക്സ് സെക്ഷൻ ചീഫും ആയുള്ള പത്തംഗ ടീമാണ് ഐ.ആർ.എസിന്റേത്.

ദേശീയ പാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തികളിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ടൊഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് ഇൻസിഡന്റ് കമാൻഡർ നിർദേശം നൽകിയിട്ടുണ്ട്. വിപുലപ്പെടുത്തേണ്ട ആക്ഷൻ പ്ലാൻ സംബന്ധിച്ച് കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അടുത്തയാഴ്ച യോഗം ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, ഡെപ്യൂട്ടി തഹസിൽദാർ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.