കീഴ്പ്പയ്യൂരിലെ നിവേദിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ദൃക്സാക്ഷി പോലീസ് സ്റ്റേഷനിൽ ഹാജരായി
മേപ്പയ്യൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കീഴപ്പയ്യൂരിലെ നിവേദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. അപകടത്തിൽ ദൃസാക്ഷിയായ യുവതി മേപ്പയൂർ സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. കുറ്റ്യാടി സ്വദേശിനിയായ യുവതിയാണ് മേപ്പയ്യൂർ സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ കണ്ടത്.
പേരാമ്പ്രയിലുള്ള വിവാഹ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് വാഹനാപകടത്തിൽ പരിക്കേറ്റുകിടക്കുന്ന യുവാവിനെ കണ്ടതെന്ന് യുവതി വ്യക്തമാക്കിയതായി മേപ്പയ്യൂർ സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യുവതിയെ നാട്ടുകാരും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ന്യൂസ് ചാനലിൽ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത കണ്ടിരുന്നു. അപകടത്തിനിടയാക്കിയ വാഹനത്തെയോ ഉടമകളെയോ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അതിൽ നിന്നാണ് അറിയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു യുവതിയെന്ന് സി.ഐ പറഞ്ഞു.
പേരാമ്പ്ര സൂപ്പർ മാർക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതാണ് കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദ്. പേരാമ്പ്ര-ചാനിയം കടവ് റൂട്ടിൽ വീട്ടിലേക്ക് വരുന്ന വഴിക്ക് നിവേദ് സഞ്ചരിച്ച ബെെക്കും കാല്‍നടക്കാരനായ ഗായകന്‍ എരവട്ടൂരിലെ മൊയ്തിനേയും അഞ്ജാത വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. മെയ് 21-ന് രാത്രിപേരാമ്പ്ര ചാനിയംകടവ് റോഡിൽ ചേനായി റോഡ് ജംഗ്ഷനിലാണ് സംഭവം. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
ഗുരുതരമായി പരിക്കേറ്റ നിവേദിനെ നാട്ടുകാർ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെയ് 24-ാം തിയതി രാത്രി നിവേദ് മരണത്തിന് കീഴടങ്ങി.
ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന മാരുതി കാറാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. വെള്ള/സില്‍വര്‍ കളര്‍ മാരുതി 800 കാറാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. പൊലീസ് സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും നാളിതു വരെയായി ഇടിച്ച വാഹനത്തെയോ ആളുകളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഈ അപകടം നടന്ന അതേ മാത്രയിൽ അവിടെ ഇരുചക്ര വാഹനത്തിലെത്തിയ സ്ത്രീയും പുരുഷനുമാണ് ഇവരെ ആദ്യം കാണുന്നത്. അവരാണ് യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വിളിക്കുന്നതുമെല്ലാം. ഇവർ ഇടിച്ച വാഹനം കണ്ടതായി പൊലീസ് കരുതിയിരുന്നു. ഈ യുവതിയാണ് സ്റ്റേഷനിൽ എത്തിയത്.
ഒരുപാട് സ്വപ്നങ്ങളുമായി നടന്നിരുന്ന ഇരുപത്തിരണ്ടുകാരനായ നിവേദിനെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്. വാഹനം അപടത്തിനിടയാക്കിയെന്നും ആളുകൾക്ക് പരിക്കേറ്റെന്നും ബോധ്യപ്പെട്ടിട്ട് കാർ നിർത്താതെ പോയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.