അവര്‍ അറുപതോളം പേര്‍ എല്ലാം മറന്ന് ആനന്ദിച്ചു; പാട്ടും നൃത്തവുമായി അകലാപ്പുഴയില്‍ പുളിയഞ്ചേരിയിലെ വയോധികരുടെയും ഭിന്നശേഷിക്കാരുടെയും ഉല്ലാസയാത്ര


കൊയിലാണ്ടി: വീട്ടില്‍ തനിച്ച് കഴിയുന്നവരെയും പ്രായമായവരെയും ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് കൊണ്ട് മുചുകുന്ന് അകലാപ്പുഴയിലെ ബോട്ടില്‍ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പുളിയഞ്ചേരിയിലെ കെ.ടി.ശ്രീധരന്‍ സ്മാരക വായനശാലയിലെ വയോജന ക്ലബ്ബ് ആണ് പരിപാടി സംഘടിപ്പിച്ചത്. അറുപതോളം പേര്‍ യാത്രയില്‍ പങ്കാളികളായി.

ബോട്ടില്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും നൃത്തംചവിട്ടിയും എല്ലാവരും ഉല്ലസിച്ചു സമയം ചിലവഴിച്ചു. അവരെ പാട്ടുപാടി രസിപ്പിക്കുവാന്‍പുളിയഞ്ചേരിയിലെ ഗായിക സാന്ദ്രിമ മനോജും യാത്രയില്‍ അനുഗമിച്ചു. മൂന്നു മണിക്കൂറോളം മറ്റെല്ലാ ബുദ്ധിമുട്ടുകളും അവശതകളും പൂര്‍ണമായി മാറ്റി വച്ച് അന്‍പതോളം വയോജനങ്ങള്‍ മനസ്സുനിറയെ സന്തോഷം നിറച്ച ഒരു സായാഹ്നത്തിന് സാക്ഷിയായി യാത്ര ആസ്വദിച്ചു.

വി.രമേശന്‍ മാസ്റ്റര്‍, വി. ബാലകൃഷ്ണൻ ,കെ.ടി സിനേഷ്, സജില്‍ കുമാര്‍, നന്ദകുമാര്‍, സെനിത്ത് രാജ്, രശ്മി.വി, ബിഷ എന്നിവര്‍ നേതൃത്വം നല്‍കി.