ആക്കൂപറമ്പമ്പിൽ ഇനി അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾ; ജില്ലാതല മത്സരത്തിന് ഇന്ന് തുടക്കമാവും


പേരാമ്പ്ര: അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശ നാളുകൾക്ക് ആക്കൂപറമ്പിൽ ഇന്ന് തുടക്കമാവും. ആക്കൂപറമ്പ് അമ്പെയ്ത്ത് കളം സംഘടിപ്പിക്കുന്ന എം.സി കുഞ്ഞിരാമൻ, കളരിയുള്ളതിൽ ചെക്കോട്ടി സ്മാരക ട്രോഫികൾക്ക് വേണ്ടിയുള്ള ജില്ലാതല അമ്പെയ്ത്ത് മത്സരമാണ് ഇന്നാരഭിക്കുന്നത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് വിജിലേഷ് കാരയാട് മുഖ്യാതിഥിയാകും.

ആദ്യ ദിനം ദിവ്യ അവിടനല്ലൂരും നാട്ടുകൂട്ടം അമ്പെയ്ത്ത് കളം കൊളക്കണ്ടവും ഏറ്റുമുട്ടും. 29ന് എആർസി കൂട്ടാലിടയും എരവട്ടൂർ പാറപ്പുറവും 30ന് ചവിട്ടൻപാറ അമ്പെയ്ത്ത് കൂട്ടവും ആക്കൂപറമ്പ് സായവും 31ന് അമ്പെയ്‌ത്തുകളം ആക്കൂപറമ്പും അമ്പെയ്ത്ത് കളംകൊളകണ്ടവും തമ്മിലാണ് മത്സരം. സെപ്തംബർ രണ്ട്, മൂന്ന് തിയ്യതികളിലാണ് സെമി ഫെെനൽ മത്സരം. നാലിനാണ്‌ ഫൈനൽ. എല്ലാ ദിവസവും വൈകിട്ട് നാലിന് മത്സരം ആരംഭിക്കും. മത്സരത്തോടനുബന്ധിച്ച് പഴയകാല അമ്പെയ്ത്തുകാരൻ മുരിങ്ങന്നൂർ മീത്തൽ ചൊയ്യനെ ആദരിക്കും.

വില്ലുകളും തെങ്ങോലയില്‍നിന്ന് ചെത്തിമിനുക്കിയെടുക്കുന്ന അമ്പുകളുമായി അമ്പെയ്യാനെത്തിയവര്‍ രണ്ടുടീമായി തിരിഞ്ഞാണ് മത്സരം നടക്കുക. ഇവര്‍ ഇടകലര്‍ന്നുനിന്നാണ് മത്സരത്തില്‍ പങ്കെടുക്കുക. കളത്തില്‍ ചെപ്പ് വെക്കുന്നതോടെ മത്സരം ആരംഭിക്കും. ടോസ് നേടുന്ന ടീം ആദ്യം അമ്പെയ്യാന്‍ തുടങ്ങും. റഫറിയും ഇരുടീമുകളിലെയും ഓരോ അംഗവും ചെപ്പിനടുത്ത് നില്‍ക്കും. ചെപ്പില്‍ ഒരാളുടെ അമ്പുകൊള്ളുന്നതോടെ മത്സരം മുറുകുകയായി.

അമ്പുകൊള്ളിച്ച ടീമിലെ അംഗത്തെ ചെപ്പിനടുത്തുള്ള അവരുടെ പ്രതിനിധി ‘ഓടിവാ, ഓടിവാ’ എന്ന് ആര്‍പ്പുവിളിച്ച് പ്രോത്സാഹിപ്പിക്കും. ഓടിവന്ന് ചെപ്പ് എടുത്തുയര്‍ത്താനാണിത്. അമ്പുകൊള്ളിച്ച ആള്‍ ഓടിയെത്തി ചെപ്പുയര്‍ത്തിയാല്‍ അതുവരെ കളത്തിലുള്ള അമ്പുകള്‍ മുഴുവന്‍ അവരുടെ ടീമിനാവും. ഇതിനിടയില്‍ എതിര്‍ടീമിലുള്ളവര്‍ ചെപ്പില്‍ പുതിയ അമ്പുകൊള്ളിച്ചാല്‍ ഊഴം പിന്നീട് അവരുടേതാകും. അതിനായി അവരുടെ പ്രതിനിധിയും ‘കൊട്, കൊട്’ എന്നുപറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ടാകും. മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമിന്റെയും അമ്പുകളുടെ എണ്ണം കണക്കാക്കിയാണ് വിജയികളെ തീരുമാനിക്കുക. ആവേശകരമായ ഈ മത്സരം കഴിഞ്ഞ അന്‍ത്തഞ്ച് വര്‍ഷക്കാലമായി ആക്കൂപ്പറമ്പുകാര്‍ നെഞ്ചിലേറ്റി വരികയാണ്.

Summary: Exciting days of archery competition in Akuparambamp District level competition start today