ഇനി പോകേണ്ട വീടുകളുടെ വഴി ചോദിച്ച് അലയേണ്ട, ഡിജി ഡോർ പിൻ കേരളത്തിലും വരുന്നു; ഒരോ വീട്ടു നമ്പറും ഇനി ഡിജിറ്റലാകും


തിരുവനന്തപുരം: വിലാസം പോലും ഇല്ലാതെ വീടിന്റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഡിജി ഡോർ പിൻ കേരളത്തിലും വരുന്നു. കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോർ പിൻ. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഈ സംവിധാനം കെ-സ്മാർട്ടിലൂടെയാണ് നടപ്പാക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഓരോ വീടിന്റെയും മറ്റു കെട്ടിടത്തിന്റെയും നമ്പർ ഡിജിറ്റലാവും. ഈ സംവിധാനത്തിൽ ഓരോ വീടും സ്ഥാപനവും ‘ഡോർ’ എന്നാണ് അറിയപ്പെടുക. ഫ്‌ളാറ്റുകളിലും മറ്റും ഓരോ താമസക്കാരനെയും ഓരോ ഡോർ ഉടമയായി കണ്ട് സ്ഥിരം പിൻ നമ്പർ നൽകും. പുനർനിർണയത്തിലൂടെ വാർഡോ, തദ്ദേശ സ്ഥാപനമോ, മാറിയാലും ഡിജി ഡോർ പിൻ മാറില്ല.

നമ്പർ നോക്കിയും ക്യു ആർ കോഡ് സ്‌കാൻ ചെയ്തും ഏത് തദ്ദേശ സ്ഥാപനമാണെന്നത് അടക്കം എല്ലാ കെട്ടിട വിവരങ്ങളും ലഭിക്കും. വീട്ടുടമ ഡിജി പിൻ നമ്പർ അറിയിച്ചാൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ വഴി ചോദിച്ച് വലയേണ്ടിവരില്ല. ഒൻപതോ പത്തോ അക്കങ്ങളുള്ള ഡിജി ഡോർ പിൻ നമ്പർ ഫോൺനമ്പർ പോലെ ഓർത്തിരിക്കാം. ഇത്തവണത്തെ തദ്ദേശവാർഡ് പുനർനിർണയം പൂർത്തിയാകുന്നതോടെ ഡിജി ഡോർ പിൻ നൽകാനാകുമോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ദുരന്തങ്ങൾ അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ വിലാസം ഇല്ലാതെ തന്നെ നമ്പർ ഉപയോ​ഗിച്ച് പോലീസിനും അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തെത്താനും സാധിക്കും. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും എളുപ്പമാകും. വ്യക്തിവിവരങ്ങൾക്ക് സുരക്ഷാഭീഷണി ഉണ്ടാവില്ല.