നടുങ്ങി കൊയിലാണ്ടി, ഞെട്ടല്‍ മാറാതെ ക്ഷേത്രപരിസരത്തുണ്ടായിരുന്നവര്‍; ഉത്സവത്തിന്റെ അവസാനനാള്‍ ആഘോഷമാക്കാനെത്തിയവര്‍ക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത നടുക്കുന്ന ഓര്‍മ്മ
കൊയിലാണ്ടി: കൊയിലാണ്ടിയ്ക്ക് അടുത്ത ഒട്ടും പരിചിതമല്ലാത്ത ഒരു ദുരന്തം വന്ന് ഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കേളികേട്ട കൊല്ലം പിഷാരികാവ് കാളിയാട്ടം മുതല്‍ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ നൂറുകണക്കിന് ഉത്സവങ്ങളാണ് വര്‍ഷാവര്‍ഷം കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിലായി നടക്കാറുളളത്. ഉത്സവത്തിന് ആന എത്തുന്നതും ആഘോഷവരവുമെല്ലാം ഇവിടുത്തുകാരെ സംബന്ധിച്ച് അത്ര പുതുമയുള്ള കാഴ്ചയൊന്നുമല്ല. എന്നാല്‍ ആഘോഷങ്ങള്‍ക്കിടെ ആനയിടയുന്നതും പരിഭ്രാന്തരായി ജനങ്ങളോടുന്നതും ജീവഹാനിയുണ്ടാകുന്നതുമെല്ലാം അത്ര പതിവുള്ള സംഭവങ്ങളായിരുന്നില്ല.
കഴിഞ്ഞവര്‍ഷം ഉത്സവവേളയില്‍ വിയ്യൂരില്‍ ആന ഇടഞ്ഞിരുന്നു. പക്ഷേ രാത്രി ഏറെ വൈകിയായിരുന്നതിനാലും ക്ഷേത്ര പരിസരത്ത് ആളുകള്‍ കുറവായതിനാലും ജീവഹാനിയൊന്നുമില്ലാതിരുന്നതിനാലും കൊയിലാണ്ടിയ്ക്ക് അത് വലിയ ഞെട്ടലായിരുന്നില്ല. മുമ്പ് പിഷാരികാവിലും ഉത്സവത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും ഇത്രവലിയ ദുരന്തമായി അത് മാറിയിരുന്നില്ല.
മണക്കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് കുറുവങ്ങാട് ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഉത്സവാഘോഷത്തിന്റെ ഭാഗമായുള്ള വലിയ ചടങ്ങാണ്. നെറ്റിപ്പട്ടവും വെണ്‍ചാമരവുമൊക്കെയായി ആനകള്‍ക്കും വാദ്യമേളങ്ങളോടെയുമുള്ള ഈ എഴുന്നള്ളത്ത് കാണാനും ഇതില്‍ പങ്കുചേരാനും കൊയിലാണ്ടിയുടെ വിവിധ ഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ഇതിനിടയിലാണ് അപകടമുണ്ടായതെന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. എഴുന്നള്ളത്ത് തുടങ്ങുന്നതിന് തൊട്ടുമുമ്പായി നടന്ന കരിമരുന്ന് പ്രയോഗമാണ് ആനയ്ക്ക് പ്രകോപനമായത്. കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ പീതാംബരന്‍ എന്ന ആന മുമ്പിലുണ്ടായിരുന്ന നകുലന്‍ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ ഇരുആനകളും കൊമ്പുകോര്‍ക്കുകയും ഇടയാനും തുടങ്ങി.
ഇത് കണ്ട് ഭയന്ന് ജനങ്ങള്‍ ചിതറിയോടി. ആനകള്‍ നേരെ ക്ഷേത്ര ഓഫീസിലേക്ക് നീങ്ങി. ഇതോടെ ഓഫീസ് കെട്ടിടം തകര്‍ന്നു, ഇതിന് പരിസരത്തുണ്ടായിരുന്ന മൂന്നുപേരാണ് മരണപ്പെട്ടത്.
ക്ഷേത്രത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളിലേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ സാഹസത്തിന് ശേഷമാണ് തളച്ചത്. അതുവരെ ഭക്തി നിറഞ്ഞ അന്തരീക്ഷത്തില്‍ ആന ഇടഞ്ഞതിന് പിന്നാലെ ഉയര്‍ന്നുകേട്ടത് കൂട്ട നിലവിളികളായിരുന്നു. പ്രിയപ്പെട്ടവരുടെ പേര് വിളിച്ചും, ദൈവത്തെ വിളിച്ചും കൈക്കുഞ്ഞുങ്ങളെ വാരിയെടുത്തുമെല്ലാം ആളുകള്‍ ജീവനുംകൊണ്ടോടുകയായിരുന്നു.
ദുരന്തത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി. ക്ഷേത്ര പരിസരത്തേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആംബുലന്‍സെത്തി. പരിക്കേറ്റവരെ ഒന്നൊന്നായി ആശുപത്രിയിലേക്ക് മാറ്റി. പ്രിയപ്പെട്ടവരെ തിരഞ്ഞും, കൂടെയുണ്ടായിരുന്നവരെയോര്‍ത്തുമെല്ലാം നിലവിളിയായിരുന്നു താലൂക്ക് ആശുപത്രി പരിസരത്ത്. ദുരന്ത ഭീതി വിട്ടുമാറാത്ത അവരെ ആശ്വസിപ്പിക്കാന്‍ ആശുപത്രിയിലെത്തിയവരും ജീവനക്കാരുമെല്ലാം ഏറെ പണിപ്പെട്ടു.
മുപ്പതുപേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. കുട്ടികളടക്കം ക്ഷേത്രത്തിലെത്തിയവര്‍ ഇപ്പോഴും ആ നടുക്കത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമെല്ലാം തന്നെ ഇപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ല. 12 വര്‍ഷം മുമ്പ് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞിരുന്നെങ്കിലും ആളപായമില്ലായിരുന്നു.
Summary: elephant-turns-violent-at-koyilandy