മുഹമ്മദ് റിയാസ് കോഴിക്കോട് നടത്തിയ പരാമര്‍ശം; തെരഞ്ഞടെുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയില്‍ മന്ത്രിയ്ക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്


കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ കോഴിക്കോട് സ്‌റ്റേഡിയം നവീകരിക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം വിവാദമാകുന്നു. പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംലംഘനം നടത്തിയെന്ന പരാതിയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍.

കോഴിക്കോട്ടെ സ്‌റ്റേഡിയം രാജ്യാന്തര നിലവാരത്തിലാക്കാന്‍ നിശ്ചയിച്ചുവെന്നും അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നുമാണ് മന്ത്രി പറഞ്ഞത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സ്‌പോര്‍ട്‌സ് ഫ്രെറ്റേണിറ്റി കൂട്ടായ്മ സംഘടിപ്പിച്ച കായികസംവാദം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു റിയാസ്.

പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്. മന്ത്രിയുടെ പ്രസംഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതും വിവാദമായിരുന്നു.