കനാല്‍ വെള്ളം വൈകുന്നു; മുചുകുന്ന് ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷം, നാട്ടുകാര്‍ പ്രതിഷേധത്തില്‍


മുചുകുന്ന്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇരിങ്ങല്‍ ബ്രാഞ്ച് കനാലിന്റെ കീഴില്‍ വരുന്ന മുചുകുന്ന് ഭാഗത്ത് കനാല്‍ തുറക്കാത്തത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുന്നു. മുചുകുന്ന്, പുളിയഞ്ചേരി ഭാഗങ്ങളിലാണ് വെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്.

പല സ്ഥലത്തും വയലും കിണറും വറ്റിവരണ്ട അവസ്ഥയിലാണ്. കനാല്‍വെള്ളം പ്രതീക്ഷിച്ച് പച്ചക്കറികളും വാഴയും മറ്റും കൃഷി ചെയ്ത കര്‍ഷകര്‍ വെള്ളമെത്താത്തതു കാരണം പ്രയാസം നേരിടുകയാണ്. കൊല്ലം പിഷാരികാവില്‍ ഉത്സവദിനങ്ങള്‍ കൂടിയായതിനാല്‍ എത്രയും പെട്ടെന്ന് ഈ ഭാഗങ്ങളില്‍ വെള്ളമെത്താന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. നേരത്തെ ഒരു തവണ ഇവിടെ കനാല്‍ വെള്ളം വന്നിരുന്നു. വരള്‍ച്ച രൂക്ഷമായതിനാല്‍ അത് എവിടെയുമായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, മറ്റെന്നാള്‍ ഈ ഭാഗങ്ങളില്‍ വെള്ളം തുറന്നുവിടുമെന്നാണ് ഇറിഗേഷന്‍ അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നിലവില്‍ ചേമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് ഭാഗങ്ങളിലാണ് വെള്ളം നല്‍കിക്കൊണ്ടിരിക്കുന്നത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവരെ ഈ ഭാഗങ്ങളില്‍ വെള്ളമെത്തിയിരുന്നില്ല. ഇവിടുത്തുകാര്‍ ഏറെ പ്രയാസങ്ങള്‍ നേരിടുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇതുവഴി വെള്ളംവിട്ടു തുടങ്ങിയത്. നാളെക്കൂടി ഈ ഭാഗത്തേക്ക് വെള്ളം നല്‍കിയശേഷം മറ്റെന്നാള്‍ മുതല്‍ ഇരിങ്ങല്‍ ബ്രാഞ്ച് തുറക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നും ഇറിഗേഷന്‍ അധികൃതര്‍ വ്യക്തമാക്കി.