”ശാന്തതയും സൗമ്യതയും’ മുറുകെ പിടിച്ചു. അല്ലെങ്കിലും കൊറച്ച് തീയും പൊകയും ഇല്ലാണ്ട് എന്തോന്ന് ഇലക്ഷന്‍”;ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ മനോഹരമായ അനുഭവം പങ്കിട്ട് കൊയിലാണ്ടി സ്വദേശിയായ ജിബിന്‍


കൊയിലാണ്ടി: ഏറെ കൃത്യതയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ട ജോലിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി. നമ്മുടെ ശ്രദ്ധക്കുറവ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയോ ചിലപ്പോള്‍ നമ്മളെ തന്നെ പ്രതിസന്ധിയിലാക്കാനോ സാധ്യതയുണ്ട്. കാസര്‍കോട് കണ്ണൂര്‍ അതിര്‍ത്തിയിലെ മനോഹരമായ ഒരു ദ്വീപായ മാടക്കല്‍ ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയ അനുഭവം കൊയിലാണ്ടി ന്യൂസുമായി പങ്കുവെക്കുകയാണ് കൊല്ലം പതിനേഴാം മൈല്‍ സ്വദേശി ജിബിന്‍.

കാസര്‍കോട് ജില്ലയില്‍ പി.ഡബ്ല്യു.ഡി വിഭാഗത്തില്‍ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്യുന്ന ജിബിന്റെ ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായിരുന്നു ഇത്തവണത്തേത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ ‘തലവേദനയായി’ കരുതുന്ന ചിലരുണ്ടെങ്കിലും തന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിട്ട് പങ്കാളിയാവാനായതിന്റെ അഭിമാനമായിരുന്നെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ”തെരഞ്ഞെടുപ്പ് പ്രക്രിയ എന്താണെന്ന് നേരിട്ട് അനുഭവത്തിലൂടെ കണ്ടറിയാന്‍ കഴിഞ്ഞു. രാവിലെ വോട്ടെടുപ്പ് തുടങ്ങി കൃത്യം ആറുമണിക്ക് വോട്ടിങ് കഴിയുന്നതോടെ അവസാനിക്കുന്നതല്ല ആ ഉത്തരവാദിത്തം. 768 പേരാണ് ഞങ്ങളുടെ ബൂത്തില്‍ വോട്ടുചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 609 പേര്‍ അതായത് 79% പോളിങ് നടന്നു. ആറുമണിക്ക് തന്നെ വോട്ടെടുപ്പ് അവസാനിച്ചെങ്കിലും മറ്റു നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കളക്ഷന്‍ സെന്ററിലെത്തി ഏല്‍പ്പിക്കുമ്പോള്‍ രാത്രി 12 മണി കഴിഞ്ഞിരുന്നു. പുലര്‍ച്ചെയാണ് അവിടെ നിന്ന് മടങ്ങിയത്. അപ്പോഴും പല ബൂത്തുകളില്‍ നിന്നും വോട്ടിങ് പൂര്‍ത്തിയാക്കി എത്തുന്നവരുണ്ടായിരുന്നു.” ജിബിന്‍ പറയുന്നു.

ആദ്യ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചെന്നറിഞ്ഞതുമുതല്‍ അത് കഴിഞ്ഞ് മടങ്ങുംവരെയുള്ള അനുഭവം മനോഹരമായ ഒരു കുറിപ്പിലൂടെ ജിബിന്‍ തന്നെ വിവരിക്കുകയാണ്.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിലെ ഒരു പ്രധാന ഭാഗമാണ് തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാവുക എന്നത് സുവര്‍ണാവസരമാണ് എന്നൊക്കെ പറഞ്ഞാല്‍ സഹപ്രവര്‍ത്തകര്‍ ചിലപ്പോള്‍ കണ്ണുരുട്ടും. ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വകുപ്പിലായതിനാല്‍ സര്‍വീസില്‍ നാളിതുവരെ ഡ്യൂട്ടി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ ഇത്തവണ ഡ്യൂട്ടിയുണ്ട് എന്നറിഞ്ഞത് മുതല്‍ ആവേശത്തിലും ആകാംക്ഷയിലുമായിരുന്നു.

തെരെഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയ സുഗമമാക്കുന്നതിനായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ‘ഓര്‍ഡര്‍’ സോഫ്റ്റ് വെയര്‍ സഞ്ജീകരിച്ചിട്ടുണ്ട്. ആവേശം ലേശം കൂടിയോണ്ട് സര്‍ക്കുലര്‍ കിട്ടിയപാടെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ സൈറ്റില്‍ അടിച്ചു കയറ്റി. ഹെഡ് ക്ലാര്‍ക്ക് രാമേന്ദ്രേട്ടനെ മുന്നില്‍ പിടിച്ചിടാന്‍ മറന്നില്ല. എന്തെലും പണി കിട്ടുവാണേല്‍ മൂപ്പര്‍ക്കിരിക്കട്ടെ.. പിന്നീടങ്ങോട്ട് പോസ്റ്റിംങ്ങ് ഓര്‍ഡറിനുള്ള കാത്തിരിപ്പാണ്. പണ്ട് കൊറോണക്കാലത്ത് ബെവ്‌ക്കോ ആപ്പിലേക് കണ്ണു നട്ടിരുന്നപോലെ.

അധികം കാത്തിരിക്കേണ്ടി വന്നില്ല പോസ്റ്റ് ഏതെന്ന് കിട്ടി. പോളിംഗ് ഓഫീസര്‍. ഓഫീസിലെ മിക്കവരും പോളിംങ്ങ് ഓഫീസര്‍മാര്‍ തന്നെ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ രജീവേട്ടന്റെ വലിയ ശരീരവും ചെറിയ മനസ്സും നിറഞ്ഞുള്ള ആശ്വാസ ചിരി കണ്ടപ്പോ ഉറപ്പിച്ചു ഇതെന്തോ സുഖമുള്ള പണിതന്നെ,

ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചത് മുതല്‍ വല്ലാത്തൊരു മ്ലാനതയിലാണ് ക്ലര്‍ക്ക് രതിയേച്ചി. പതിവ് തമാശയൊ ചിരിയോ ഇല്ല., മുഖത്ത് നല്ല വോള്‍ട്ടേജ് കുറവ്..ഒടുവില്‍ കാര്യം ചോദിച്ചപ്പോ പറഞ്ഞു
‘അതേയ്.. നാട്ടിലെ തെയ്യത്തിന്റന്നാ എലക്ഷന്‍”.
ങ്ങള് വെഷമിക്കല്ല. തെയ്യം അടുത്തൊല്ലവും ആഘോഷിക്കാലൊ. ആശ്വസിപ്പിച്ചു
ഇല്ല്യ, നിക്ക് ഡ്യൂട്ടി കിട്ടൂല.. ഞാന്‍ തെയ്യത്തിനോട് പറഞ്ഞ്ണ്ട്..

മ്… എജ്ജാതി, കോണ്‍ഫിഡന്‍സ്… കേട്ടലറിയ, ഡ്യൂട്ടി ഒഴിവായി കിട്ടാന്‍ സകലമാന ദൈവങ്ങള്‍ക്കും നേര്‍ച്ചയും വഴിപാടും നേര്‍ന്നിട്ടുണ്ട്.

രണ്ടു ദിവസത്തിനപ്പുറം അപ്പോയ്‌മെന്റ് ഓര്‍ഡര്‍ വന്നു, ശാസ്ത്രവും സാങ്കേതിക വിദ്യയും തോറ്റു.., തെയ്യം ജയിച്ചു.. രതിയേച്ചിക്ക് ഇലക്ഷന്‍ ഡ്യൂട്ടിയില്ല..

ഓഫീസ് ഹെഡ് ആയതിനാല്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാജീവന്‍ സര്‍, പുതിയതായി നിയമിതയായ ഓഫീസ് അറ്റഡന്റ് ഉദയേച്ചി എന്നിവരും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

ഡ്രാഫ്റ്റ്‌സ്മാന്‍ ശ്രീജേഷേട്ടന്‍ ബി.എല്‍.ഒയാണ്, വെള്ളത്ത്ന്ന് കരയില്‍ കയറിയ മുതലേനപ്പോലെ ഇലക്ഷന്റെതായ യാതൊരു വികാരവുമില്ലാതെയാണ് മൂപ്പര്‌ടെ ഇരിപ്പ്.. സദാ പിഡബ്ലൂഡി പാലം നിര്‍മാണത്തില്‍ വാകൃതനായിരിക്കുന്നു. എന്നാല്‍ മറ്റൊരു ബി.എല്‍.ഒ ടൈപിസ്റ്റ് ജിഷേച്ചിയുടെ ഭാവം താന്‍ ഇലക്ഷന്‍ കമ്മീഷനംഗമാണന്നും, റിട്ടയര്‍മെന്റിനോട് അടുത്തിരിക്കുന്ന സീനിയര്‍ ക്ലാര്‍ക്ക് ശ്രീധരേട്ടന് ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞ്മാറാന്‍ അവസരമുണ്ടായിട്ടും ‘ ഇതൊക്കെയൊരു രെസെല്ലേ… ‘ എന്നും പറഞ്ഞ് തയ്യാറായിരിക്കയാണ്.

ട്രെയിനിംഗ് ദിനം.. കൃത്യ സമയത്ത് ഹാജറായി. എന്റെ ടീം അംഗങ്ങളെ പരിചയപ്പെട്ടു, പ്രിസൈഡിംഗ് ഓഫീസര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചറാണ് പേര് അനിത. ടീച്ചര്‍ ആയൊണ്ടാവും എന്നിലെ പഴയ സ്‌കൂള്‍ കുട്ടിയുടെ എളിമയെല്ലാം പുറത്ത് ചാടി വിനയാന്വതനായി. ടീച്ചര്‍ ആദ്യമായാണ് ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത് അതും പ്രിസൈസിങ്ങ് ഓഫീസറായിട്ട്.. അടിപൊളി.. ഫസ്റ്റ് പോളിംങ്ങ് ഓഫീസര്‍ അധ്യാപകനായ മദനന്‍ മാഷാണ്.. സുരേഷ് ഗോപി സ്‌റ്റൈലില്‍ ഉള്ള ഒരു കിടിലന്‍ മാഷ്. ഒരുപാട് ഡ്യൂട്ടി ചെയ്തുള്ള അനുഭവവും മാഷിനുണ്ട്, തേര്‍ഡ് പോളിംങ്ങ് ഓഫീസര്‍ ഹെല്‍ത്ത് സെന്ററിലെ സീനിയര്‍ ക്ലാര്‍ക്ക് ബിനുവേട്ടന്‍, കണ്ണൂര്‍ എക്‌സ്പ്രസിലെ പരിചിത മുഖം.

പുതിയതായി ഇലക്ഷന്‍ ഡ്യൂട്ടി കിട്ടിയിട്ടുള്ള ജീവനക്കാരുടെ പരമാവധി സംശയങ്ങള്‍ തീരുന്ന തരത്തിലുള്ള ക്ലാസാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ വനിതാ ജീവനക്കാരെ പരമാവധി ഒഴിവാക്കിയാണ് ഡ്യൂട്ടി നല്‍കിയിരിക്കുന്നത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഇത് പിന്നോട്ടടിക്കും എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ക്ലാസ് ആരംഭിച്ചു, ആമുഖത്തിന് ശേഷം ക്ലാസിന്റ ഗതി മാറി. അതെ ഇലക്ഷന്‍ ഡ്യൂട്ടി ഒരു ചെറിയ മീനല്ല.. വലുതാണ് വളരെ വലുത്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലങ്കില്‍ അഴിക്കുള്ളില്‍വരെ പോവേണ്ടി വന്നേക്കാമെന്ന് ട്രയിനര്‍ ഓര്‍പ്പെടുത്തി.

മോക്‌പോള്‍, 17- എ,ഇഡിസി, ടെന്‍ഡര്‍ വോട്ട്, ആര്‍ട്ടിക്കിള്‍സ്, മജിസ്‌ട്രേറ്റിന്റെ അധികാരം, അധികാര പരിധി, നിയമങ്ങള്‍, വെടിവെയ്പ്പ്.. ഹൊ ഹോ……ഇലക്ഷന്‍ ഡ്യൂട്ടി എല്‍.ഡി.സി പരീക്ഷയേക്കാള്‍ കഠിനമാണന്ന മട്ടിലാണ് ക്ലാസ്. പഠിക്കേണ്ടിയിരിക്കുന്നു വളരെ കാര്യമായിതന്നെ, ഇലക്ഷന്‍ ഡ്യൂട്ടി എന്നത് ടീം വര്‍ക്കാണ്, ഉത്തരവാദിത്വവും ജോലികളും അംഗങ്ങളില്‍ മാത്രം നിക്ഷിപ്തമായാല്‍ ജോലി കഠിനമാവും.. ഭയമല്ല വേണ്ടത് ജാഗ്രതയാണ് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, പണ്ട് പി.എസ്.സി ക്ലാസിലിരുന്ന പോലെ അതീവ ശ്രദ്ധയില്‍ ഞാന്‍ ക്ലാസിലിരുന്നു. പോളിംങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള കൈപുസ്തകത്തിലൂടെ കണ്ണോടിച്ചു.. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യതയും നിക്ഷ്പക്ഷതയിലും അത് വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്രത്തിലും മുമ്പെങ്ങും തോന്നാത്തവിധം ഭാരതീയന്‍ എന്നതില്‍ അഭിമാനം തോന്നി, കൈപ്പുസ്തകം ഉയര്‍ന്ന ജനാധിപത്യ ബോധത്തിനൊപ്പം ഉന്നതമായ സ്വാതന്ത്ര്യബോധവും മാനുഷിക ബോധവും വിഭാവനം ചെയ്യുന്നു.

‘പോളിംങ്ങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ശാന്തശീലരും സൗമ്യരുമായിരിക്കണം’ എന്ന അമുഖത്തിലെ വരികള്‍ ശ്രദ്ധിക്കപ്പെട്ടു. ആഹാ. അത് പൊളിച്ച്. എന്റെ ശാന്തതയെപ്പറ്റിയും സൗമ്യ സ്വഭാവത്തെപ്പറ്റിയും വളരെ വളരെ മികച്ച അഭിപ്രായമുള്ളവരാണ് ഓഫീസിലെ ജിഷേച്ചിയും, രാമേന്ദ്രേട്ടനുമെന്ന് ഓര്‍ത്ത് പോയി.

ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മദനന്‍ മാഷ് ശരിക്കും മാഷായി. ഇലക്ഷന്‍ ദിവസത്തേക്ക് പഠിച്ച് വരാന്‍ ചില കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചു, കൂടാതെ കുറച്ച് ഹോം വര്‍ക്കുകളും.

‘Good team work will make the task easy’ എന്നാണല്ലോ, ടീമംഗങ്ങളുമായി നിരന്തരമായ ആശയ വിനിമയം നടത്തേണ്ടത് അനിവാര്യമാണ്, അല്ലാത്തപക്ഷം ഡ്യൂട്ടി ദുഷ്‌കരമാവും.. ആദ്യപടിയെന്നോണം ‘ഇലക്ഷന്‍ 2024’ എന്ന പേരില്‍ ഒരു വാട്ട്‌സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു, അംഗങ്ങളെ ആഡ് ചെയ്തു, ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ വാട്‌സപ്പ് ഗ്രൂപ്പുകളുടെ പങ്ക് ചെറുതല്ല. പോളിംങ്ങ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ തയ്യാറാക്കിയ ഒരു ഗ്രൂപ്പില്‍ ഞാനും അംഗമാണ്. ഏത് സമയത്തും സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും വിശദീകരണവുമായി ഒരുപാട് പേര്‍ മുന്നോട്ട് വരുന്നു. ഇലക്ഷന്‍ എന്ന് മാത്രമല്ല ഏതൊരു സര്‍ക്കാര്‍ പദ്ധതിയുടെയും സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് നിസ്സംശയം പറയാം.

കണ്ണൂര്‍ എക്പ്രസിലെ ട9 ലും.. മാരക ചര്‍ച്ചയാണ്,
‘കര്‍ണാടക ബോര്‍ഡറിലെ മഞ്ചേശ്വരത്ത് ഡ്യൂട്ടി കിട്ടിയ കന്നട ഒട്ടും അറിയാത്ത ഇന്റെ കാര്യം ഓര്‍ക്കുമ്പോഴാ… ‘- ദിവ്യ ടീച്ചര്‍ സങ്കടം പറഞ്ഞു.

‘അത്യാവശം കന്നട ഞാന്‍ പഠിപ്പിച്ച് തരാപ്പാ.. പേരന്താന്ന് ചോദിക്കാന്‍’ ഹെസറു ഏനു ‘ -ന്ന് ചോയ്ച്ചാ മതി ‘- ടീച്ചര്‍ക്ക് സഹായവുമായി സജിത്ത് മാഷെത്തി.

കഴിഞ്ഞ ഇലക്ഷനില്‍ ചോറിനും മീന്‍ പൊരിച്ചതിനും കൂടി 150 രൂപ കുടുബശ്രീ ചേച്ചി വാങ്ങിയെന്നാണ് ഷൈല ടീച്ചറുടെ പരിഭവം.

98-ല്‍ ബോംബേറിനും വടിവാളിന്റെയും ഇടയിലിരുന്ന് ഡ്യൂട്ടിയെടുത്ത ത്രില്ലര്‍ കഥയാണ് റവന്യുലെ അഷറഫ് സാറ് പറഞ്ഞത്, സ്‌കൂളിലെ കൊളുത്തില്ലാത്ത ടോയ്‌ലറ്റ്, കിട്ടുന്ന വേതനം, പ്രിസൈഡിംങ്ങ് ഓഫീസറുടെ കുറ്റങ്ങള്-കുറവ്കള്, കൊതുക് കടി.. എന്ന് തുടങ്ങി പലതരം വിഷയങ്ങള്‍ മാറി മാറി വന്നു…

‘ഞെനക്കറിയോ എനിക്കേട്യയാ ഡ്യൂട്ടിന്ന്.. കണ്ണൂരിനട്ത്താ.. പണ്ടൊക്കെ ഇവ്ട ബൂത്ത് കൈയ്യേറലും , ബോബേറും വെടിവയ്പ്പും ഒക്കെ ഇണ്ടായ്‌നോലും.. ‘ – യുദ്ധത്തിന് പോവുന്ന ജവാന്റെ സീന്‍ ക്രിയേറ്റ് ചെയ്യാന്‍ പ്രിയതമയോട് ഇങ്ങനെ പറഞ്ഞങ്കിലും. കേട്ടപാതി ഓള്‍ടെ മറുപടി.

‘ഇങ്ങക്ക് മഷി പൊരട്ടുന്ന പണിയാ അവിടെ ഉള്ളെങ്കി.. പെണ്ണ്ങ്ങള്‍ടെ കൈയ്യീല്‍ തൊടാണ്ട് ചെയ്യണം..’
മഹേഷിന്റെ പ്രതികാരത്തില്‍ സൗബിനെ നോക്കുന്ന ഫഹദിന്റ നോട്ടവും നോക്കി ഞാനിറങ്ങി.

സമയ നിഷ്ഠതയുടെ സൂക്കേട് ഉള്ളതിനാലും ബഹു.ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദ്ദേശത്താലും പറഞ്ഞ സമയത്തേക്കാള്‍ വളരെ നേരെത്തെ കളക്ഷന്‍ സെന്ററിലെത്തി, മൊത്തത്തിലൊരു ഉത്സവന്തരീക്ഷം, ടീം അംഗങ്ങള്‍ എത്തിയതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാധന സാമഗ്രികള്‍ ഏറ്റുവാങ്ങി.. റൂട്ട് ഓഫീസറും പോലീസുകാരും കൂടി എത്തിയതോടെ ബൂത്തിലേക്കുള്ള യാത്ര. പോലീസ്‌കാര്‍ക്കൊക്കെ എന്താ ബഹുമാനം, എന്നും പോളിംങ്ങ് ഓഫീസര്‍ ആയാമതിയെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍..

കായലും കടലും മലകളും തുരുത്തും ഒത്തുകൂടുന്ന കവ്വായി കായലിലെ അതിമനോഹര ദ്വീപായ മാടക്കാല്‍ ഗ്രാമത്തിലാണ് ബൂത്ത്.. ദ്വീപിലെത്തിയതോടെ ഒരു ട്രിപ്പ് മോഡിലായി എല്ലാവരും. ക്യാമറകള്‍ ക്ലിക്കോടെ ക്ലിക്ക് , സ്വച്ഛ സുന്ദരമായ ഗ്രാമത്തിന് ഒത്ത നടുവില്‍ നാലു ദിക്കുകളും കായലാല്‍ ചുറ്റപ്പെട്ട പ്രൈമറി സ്‌കൂളിലാണ് ബൂത്ത്. ‘മ്മ്‌ടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പോലെ ഫൈസ്റ്റാര്‍ ഹോട്ടലാണന്ന് ‘ തെറ്റുദ്ധരിക്കപ്പെടുന്ന രീതിയില്‍ ആധുനിക സംവിധാനത്തോട് കൂടിയ സ്‌കൂള്‍.

ടീമംഗങ്ങള്‍ എല്ലാവരും ആദ്യാവസാനം ഒപ്പം നിന്നു. നല്ലവരായ നാട്ടുകാര്‍ ഭക്ഷണത്തിനും താമസത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പോളിങ് ഏജന്റുമാരുമായി പലതവണ ഉടക്കിയെങ്കിലും ഒരു പരിധിക്കപ്പുറം പോകാതെ ‘ശാന്തതയും സൗമ്യതയും’ മുറുകെ പിടിച്ചു. അല്ലെങ്കിലും കൊറച്ച് തീയും പൊകയും ഇല്ലാണ്ട് എന്തോന്ന് ഇലക്ഷന്‍. പ്രബുദ്ധരായ വോട്ടര്‍മാരാല്‍ മികച്ച പോളിംങ്ങ് ശതമാനം ബൂത്തിലുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിട്ട് പങ്കാളിയാവുന്നതിനൊപ്പം നമ്മുടെ നാടിനോടും ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും ഇത്ര അധികം ബഹുമാനവും ആദരവും മറ്റൊരു പ്രവൃത്തിയിലൂടെയും ലഭിക്കുന്നതല്ല എന്ന അത്മാഭിമാനത്തോടെ കവ്വായ്യിയോട് യാത്ര പറഞ്ഞു.[mid4]