പരിശോധിച്ചത് 1500ഓളം സി.സി.ടി.വി ദൃശ്യങ്ങള്‍, വഴിത്തിരിവായത് എ.ടി.എമ്മില്‍ നിന്നും പണംവിന്‍വലിച്ചത്; സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയത് ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവിലെന്ന് എലത്തൂര്‍ പൊലീസ്


എലത്തൂര്‍: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഏറെ ശ്രമകരമായ അന്വേഷണത്തിനൊടുവില്‍ ബംഗളൂരുവില്‍ വെച്ചാണ് എലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തിയത്. 1500 ഓളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് ഇതിനായി പരിശോധിച്ചത്. ദിവസത്തിന്റെ മുക്കാല്‍ സമയവും വിനിയോഗിച്ചത് ഇതിനായി വേണ്ടിയായിരുന്നു. അതിനാല്‍ ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞത്.

ദിവസങ്ങളോളം മൊബൈല്‍ പോലും ഉപയോഗിക്കാതിരുന്ന വിഷ്ണുവിനെ കണ്ടെത്താന്‍ നിര്‍ണായകമായത് അക്കൗണ്ടില്‍ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ ലോഡ്ജിലുള്ള എ ടി എമ്മില്‍ നിന്നും പണം പിന്‍വലിച്ചതാണ്. ഡിസംബര്‍ 31ന് രാത്രിയാണ് അന്വേഷണ സംഘം ബംഗളുരുവില്‍ വെച്ച് വിഷ്ണുവിനെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് നാട്ടില്‍ നിന്നും മാറി നിന്നതെന്നാണ് വിഷ്ണു പറഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പം ബംഗളുരുവിലും മുംബൈയിലുമാണ് കഴിഞ്ഞത്.

പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനികനായ വിഷ്ണുവിനെ ഡിസംബര്‍ 16 ന് കാണാതാകുന്നത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചെങ്കിലും വിഷ്ണുവിനെ കുറിച്ച് വിവരമൊന്നുമില്ലാതായി. എലത്തൂര്‍ എസ്.ഐ.മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

വീട് പണി നടന്നിരുന്നതിനാല്‍ വിഷ്ണുവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നു. ഈ മാസം പതിനൊന്നിന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചതുമാണ്. വേണ്ടത്ര പണമില്ലാതെ നാട്ടിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് വിഷ്ണു മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വിഷ്ണു കുഴപ്പങ്ങളൊന്നുമില്ലാതെ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.

Summary: Elathur Police said that the soldier Vishnu was found after a very difficult investigation