തടസങ്ങളില്ലാതെ കാണാന്‍ കൈത്താങ്ങ്; സൗജന്യ നേത്രപരിശോധന- തമിനിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ച് എളാട്ടേരി സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റീവും അരുണ്‍ ലൈബ്രറിയും


കൊയിലാണ്ടി: എളാട്ടേരി സുരക്ഷാ പെയ്ന്‍ ആന്റ് പാലിയേറ്റിവിന്റെയും അരുണ്‍ ലൈബ്രറിയുടേയും വി ട്രസ്റ്റ് കണ്ണാശുപത്രിയുടേയും സംയുക്ത നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന – തിമിര നിര്‍ണയ ക്യാമ്പ് എളാട്ടേരി എല്‍.പി. സ്‌കൂളില്‍ വെച്ച് നടന്നു. ജീവിവര്‍ഗങ്ങളുടെ അനുഭവങ്ങളെ ദര്‍ശിക്കാനുള്ള പ്രധാന ഇന്ദ്രിയമായ കണ്ണുകള്‍ ആയാസരഹിതമായ വിശ്രമത്തിലൂടെ മാത്രമെ നിലനിര്‍ത്താനാവുകയുള്ളൂവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച പന്തലായിനി ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് പറഞ്ഞു.

അരുണ്‍ ലൈബ്രറി പ്രസിഡണ്ട് എന്‍.എം. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെങ്ങോട്ടുകാവ് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മഞ്ജുഷ, സുരക്ഷാ പാലിയേറ്റീവ് ചെങ്ങോട്ടുകാവ് മേഖലാ ഭാരവാഹി സജിത് മേലൂര്‍ എന്നിവര്‍ സംസാരിച്ചു. സുരക്ഷാ പാലിയേറ്റീവ് യൂണിറ്റ് സെക്രട്ടറി പി.കെ.ശങ്കരന്‍ സ്വാഗതവും പി.കെ.മോഹനന്‍ നന്ദിയും പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150 തിലധികം രോഗികളെ പരിശോധിച്ച് അവശ്യമരുന്നുകള്‍ നല്‍കി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് വിദഗ്ദര്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു.