വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍; കൊയിലാണ്ടിയില്‍ സ്റ്റേഡിയത്തിലും വിവിധ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേര്‍ന്ന് വിശ്വാസികള്‍
കോഴിക്കോട്: മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. കൊയിലാണ്ടിയിലെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ രാവിലത്തെ ഈദ്ഗാഹോടെ ആരംഭിക്കും. പ്രദേശത്തെ പള്ളികളിലെല്ലാം ഈദ്ഗാഹിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
പള്ളികള്‍ക്ക് പുറമേ കൊയിലാണ്ടി സ്റ്റേഡിയത്തിലും കൈരളി ഓഡിറ്റോറിയം ഗ്രൗണ്ടിലും ഈദ്ഗാഹ് സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിമുതലാണ് പെരുന്നാള്‍ നമസ്കാരം ആരംഭിച്ചത്. സ്റ്റേഡിയത്തിലെ ഈദ്ഗാഹിന് നുറുദ്ധീന്‍ ഫാറൂഖി നേതൃത്വം നല്‍കി. കൈരളി ഓഡിറ്റോറിയത്തില്‍ സുശീര്‍ ഹസന്റെ നേതൃത്വത്തിലായിരുന്നു പെരുന്നാള്‍ നമസ്‌കാരം.
പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം വിശ്വാസികള്‍ പങ്കുവയ്ക്കും. അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള ഒരുമാസക്കാലത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു.
എല്ലാ വായനക്കാര്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട്കോമിന്റെ ചെറിയപെരുന്നാള്‍ ആശംസകള്‍.