കൊയിലാണ്ടിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, അവശ്യ സര്‍വ്വീസുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥൻ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഒഴിവാക്കിയതായി സി.പിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അറിയിച്ചു.
കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.