പി.വി.സത്യനാഥന്റെ കൊലപാതകം; ആക്രമിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചെന്ന് സൂചന, പ്രതി അഭിലാഷ് കുറ്റം സമ്മതിച്ചു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കൊലപാതകത്തിന് പിന്നാലെ ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. കൃത്യത്തില്‍ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്പ് സി.പി.എം പ്രവർത്തകനായിരുന്നു. എന്നാല്‍ ഒമ്പതുവർഷം മുമ്പ് പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാളെ പാർട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന.
ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുവരെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളായ ചേമഞ്ചേരി, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, അരിക്കുളം എന്നിവിടങ്ങളിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.