ഒറ്റ ക്ലിക്കിൽ ആരോഗ്യ സംബന്ധമായ വിവരങ്ങളെല്ലാം വിരൽ തുമ്പിലേക്ക്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ഇ-ഹെൽത്ത് പദ്ധതിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തുടക്കമായി. 2019-20 ലെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെയും യു.എച്ച്.ഐ.ഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു.
കെ.കെ.ശൈലജ ടീച്ചർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന 2021 ഫെബ്രുവരി 11 ന-ാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കെൽട്രോണാണ് പദ്ധതി നിർവഹിച്ചത്. ഇ ഹെൽത്തിലൂടെ ചികിത്സ, റിസർച്ച്, ആരോഗ്യ പ്രവർത്തകരുടെ പരിശീലനം, രോഗനിർണയം, പൊതുജനാരോഗ്യം നിരീക്ഷിക്കൽ എന്നിവ സാധ്യമാകുന്നു.
കൂടാതെ രോഗിയുടെ രോഗ വിവരങ്ങൾ മനസിലാക്കൽ, വിവര വിനിമയം, ഇലക്‌ട്രോണിക് റെഫറൽ സംവിധാനത്തിലൂടെ രോഗിയെ കുറിച്ചുള്ള വിവരങ്ങൾ പ്രാഥമിക മേഖലയിൽ നിന്നും ദ്വിതീയ മേഖലയിലെ ചികിത്സകന് തടസമില്ലാതെ ലഭ്യമാക്കുന്നു. വ്യക്തികളുടെ സമഗ്രമായ ആരോഗ്യ രേഖകൾ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കിയ ആശുപത്രികളിൽ ലഭ്യമാകുന്നതിനാൽ തുടർ ചികിത്സ മികവുറ്റ രീതിയിൽ നിർണയിക്കാൻ സാധിക്കും. രോഗികൾക്ക് തങ്ങളുടെ ചികിൽസാ സംബന്ധിയായ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യവും ഇല്ലാതാകുന്നു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇ-ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പ്രജില.സി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അജിത്ത് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വിനോദ്.വി സ്വാഗതവും ആർ.എം.ഒ. ഡോ. മുഹമ്മദ് അഫ്‌സൽ നന്ദിയും പറഞ്ഞു.
Summary: E-health project started in Koyilandy Taluk hospital