കോഴിക്കോട് ബീച്ചിലെത്തിയ യുവതീ യുവാക്കൾക്ക് നേരെ ചൂലുമായെത്തി മഹിളാ മോർച്ച പ്രവർത്തകരുടെ ഭീഷണി; സദാചാര പോലീസിംഗ് അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ, ബീച്ചിൽ ഇന്ന് പ്രതിഷേധ സായാഹ്നം



കോഴിക്കോട്: സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും ശല്യമെന്നാരോപിച്ച് കോന്നാട് കടപ്പുറത്ത് ചൂലുമായി വനിതകളുടെ സദാചാര ഗുണ്ടായിസം. ബി.ജെ.പി വെസ്റ്റ്ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലയൊണ് സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം പ്രതിഷേധവുമായെത്തിയത്.

കടപ്പുറത്ത് എത്തിയ യുവാവും യുവതിയുമടക്കമുള്ളവരെ ചൂലുമായെത്തി ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നാണ് ആരോപണം. ലഹരിമാഫിയയുടെ ശല്യം രൂക്ഷമാണെന്നും എന്നും രാവിലെ എട്ടു മുതല്‍ കോളജ് വിദ്യാര്‍ഥികളും മറ്റും ബീച്ചിലെത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് ബി.ജെ പി നേതാക്കള്‍ ആരോപിക്കുന്നു.

ഇനിയും ലഹരിസംഘങ്ങളും മറ്റും ബീച്ചിലെത്തിയാല്‍ പ്രദേശത്തെ സ്ത്രീകള്‍ ഒന്നടങ്കം ചൂലുമായി ഇറങ്ങുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ. എഫ്.ഐ കോന്നാട് കടപ്പുറത്ത് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചുണ്ട്.