മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാന്‍ നിര്‍മ്മിച്ച സ്‌റ്റേജ് ദ്രവിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍; വിദ്യാര്‍ഥികള്‍ക്കും കായികതാരങ്ങള്‍ക്കും ഭീഷണിയായ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യം


കൊയിലാണ്ടി: പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാനായി നിര്‍മ്മിച്ച ഷെഡ്ഡ് ഇന്ന് പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനും ഡ്രൈവിങ് പരിശീലനത്തിനുമായെത്തുന്നവര്‍ക്കും ഭീഷണിയാവുന്നു. ഷെഡ്ഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. മേല്‍ക്കൂരയില്‍ പലഭാഗത്തും വിള്ളലും വലിയ ദ്വാരവുമുണ്ട്. ഈ സാഹചര്യത്തില്‍ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി തെരു യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളും ഗ്രൗണ്ടില്‍ വരുന്ന മറ്റുപലരും ഈ ഷെഡ്ഡിനുള്ളില്‍ കയറി നില്‍ക്കുന്നത് പതിവാണെന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി വിഷ്ണു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാം എന്ന അവസ്ഥയിലാണ് ഈ ഷെഡ്ഡുള്ളത്. അതിനാല്‍ ഉടന്‍ ഷെഡ്ഡ് പൊളിച്ചുമാറ്റണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയായിരിക്കെ 2006ല്‍ പയ്യോളിയിലെത്തിയ മന്‍മോഹന്‍ സിങ് ഇവിടെ ഒരു പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഈ ഷെഡ്ഡില്‍ നിന്നായിരുന്നു.