‘സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി, പ്രസംഗം നടത്തിയത് കെ.കെ രമയുടെ സാന്നിധ്യത്തില്‍’; കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവിനെതിരെ നിയമനടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ
വടകര: കെ.കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യറെയും അപമാനിച്ച ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി – യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് ഹരിഹരന്റെ പ്രസംഗമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. സംഭവത്തില്‍ ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വടകരയിൽ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യുഡിഎഫ്-ആർ.എം.പി.ഐ നേതാവ് ഹരിഹരൻ നടത്തിയത്. മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ – സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യുഡിഎഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി – യു.ഡി.എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. കെ.കെ രമ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. കെ.കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ടെന്നും ഡിവൈഎഫ് ഐ പറഞ്ഞു
സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് വടകരയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ‘ ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും.”ആരെങ്കിലും ഉണ്ടാക്കുമോ എന്നായിരുന്നു ഹരിഹരന്‍ പ്രസംഗിച്ചത്. പിന്നാലെ ഹരിഹരന്റെ പരാമര്‍ശത്തില്‍ കേരളത്തിലുടനീളം പ്രതിഷേധം ശക്തമായിരുന്നു.