ബാലുശേരിയില്‍ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവം; സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ
ബാലുശേരി: പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ്. കകുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ ജിഷ്ണുവിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് , ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ജില്ലാ ജോയിന്‍ സെക്രട്ടറി ടി.അതുല്‍ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശിച്ചു.
ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണുവിന് ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ലീഗ്-എസ്.ഡി.പി.ഐ സംഘമാണെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തി ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പോസ്റ്റര്‍ കീറി എന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഭീക്ഷണിപ്പെടുത്തുകയും, ജിഷ്ണുവിന്റെ കൈയ്യില്‍ വടിവാള്‍ കൊടുത്ത് സി.പി.എം നേതാക്കള്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയാന്‍ ഭീഷണിപ്പെടുത്തുകയും, ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.