ലോഡ്ജിൽ നിന്ന് 85,000 രൂപയും പിക്കപ്പ് ട്രക്കും മോഷ്ടിച്ചു: നൊച്ചാട് സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: ലോഡ്ജിൽ മോഷണം നടത്തിയ നൊച്ചാട് സ്വദേശി അറസ്റ്റിലായി. മണ്ണാറത്തുവീട്ടിൽ ജംഷീദ് (33) ആണ് അറസ്റ്റിലായത്. വാഴക്കുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള വാഴക്കുളത്തുള്ള എം.സി ലോഡ്ജിലെ മുറിയിൽ നിന്ന് 85,000 രൂപയും ലോഡ്ജിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കും ജംഷീദ് മോഷ്ടിക്കുകയായിരുന്നു.

മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പേരാമ്പ്രയിൽ നിന്ന് ജംഷീദിനെ പിടികൂടിയത്.

അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എം.എ.ഷക്കീര്‍, എ.എസ്.ഐ എന്‍.എന്‍.സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റെജി, വര്‍ഗ്ഗീസ്.ടി.വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.