ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി; കൊടുവള്ളി വാവാട് സ്വദേശി അറസ്റ്റില്‍, കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു


Advertisement

താമരശ്ശേരി: ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് പുലിക്കുഴിയില്‍ മിദ്ലാജ്(27)നെയാണ് പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു.

Advertisement

കാറില്‍ നിന്ന് 8.36 ഗ്രാം തൂക്കം വരുന്ന 21 എം.ഡി.എം.എ ഗുളിക, മാരക മയക്കുമരുന്നായ മെത്താ അഫിറ്റമിന്‍ എന്നിവയും കണ്ടെടുത്തു.

Advertisement

ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. താമരശ്ശേരി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന അത്തോളി പറമ്പത്ത് സ്വദേശികള്‍ സഞ്ചരിച്ച ബൈക്കില്‍ പിന്നിലുണ്ടായിരുന്ന കാര്‍ ഇടിപ്പിക്കുകയായിരുന്നു. ഇടിയില്‍ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

Advertisement

രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഒരാള്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരെയുമായി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഇവിടെ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. കാറോടിച്ച മിദ്ലാജിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

summary: Drugs seized from car that hit bikers; native of Koduvalli Vavad was arrested