ബാലുശ്ശേരിയിൽ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ലഹരി മാഫിയയുടെ ആക്രമണം; അസിസ്റ്റന്റ് കമ്മീഷണർക്ക് പരിക്ക്ബാലുശ്ശേരി:
ബാലുശ്ശേരിയിൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ടിഎം ശ്രീനിവാസനാണ് മർദ്ദനമേറ്റത്. എക്‌സൈസ് വിമുക്തി പോഗ്രാം അസിസ്റ്റന്റ് കമ്മിഷണറാണ് ഇദ്ദേഹം.

മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീനിവാസന് നേരെ ലഹരി മാഫിയ സംഘം അക്രമം നടത്തിയത്. കുടുംബവുമായി ക്ഷേത്രദർശനത്തിന് പോകുമ്പോഴാണ് അക്രമം ഉണ്ടായത്. അസിസ്റ്റൻറ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും കണ്ണിനും പരിക്കുണ്ട്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പത്തു പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് അസിസ്റ്റൻറ് കമ്മീഷണർ പോലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.