ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിലായ സംഭവം; പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും, ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം


വടകര: ദേശീയപാതയിൽ ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരി 17ന്  രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.

ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ പോയി. സംഭവ സമയം കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഷെജീൽ. കഴിഞ്ഞ ദിവസമാണ് അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കണ്ടെത്തിയത്. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കാര്‍ കണ്ടെത്തിയത്. മനപൂര്‍വ്വമായ നരഹത്യയ്ക്കാണ് പ്രതി ഷെജീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീലിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച് 14നാണ് പ്രതി വിദേശത്തേക്ക് കടന്നത്. പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Description:Vadakara car accident; Drishana's family wants to file a case against the wife of the accused