വെയിലല്ലേ കൊണ്ടേക്കാമെന്നു കരുതല്ലേ, സൂര്യാഘാതത്തിനു സാധ്യത; താപനില ഉയരുന്നു, ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം, മാര്‍ഗനിര്‍ദേശങ്ങളുമായി ദുനന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ‘രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കരുതണം. ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.
ദാഹമില്ലെങ്കില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണൈറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ പകല്‍ സമയങ്ങളില്‍ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ചൂട് അതിശക്തമായതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൂട് അതികരിക്കുന്നതിനാല്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന ആളുകളും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. കാട്ടുതീയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
വേനല്‍ കാലത്ത് മാര്‍ക്കറ്റുകള്‍ കെട്ടിടങ്ങള്‍ മാലിന്യസംസ്‌കരണ നിക്ഷേപ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഫയര്‍ ഓഡിറ്റിംഗ് നടത്തുകയും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. കുട്ടികള്‍ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ അസംബ്ലികള്‍ ഒഴിവാക്കണമെന്ന് അധ്യാകര്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശമുണ്ട്.