കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പടിയിറങ്ങി ഡോ. സന്ധ്യ കുറുപ്പ്; ഇനിയുള്ള സേവനം ബാലുശ്ശേരിയില്‍


കൊയിലാണ്ടി: കോവിഡ് കാലത്തടക്കം കൈമെയ് മറന്നുള്ള സേവനങ്ങളിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ സന്ധ്യ കുറുപ്പിന്റെ സേവനം ഇനി കൊയിലാണ്ടിയിലില്ല. ഇനി മുതല്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലായിരിക്കും സന്ധ്യ കുറുപ്പിന്റെ സേവനം.

മൂന്നുകൊല്ലം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് മാറ്റം എന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് സന്ധ്യ കുറുപ്പ് ബാലുശ്ശേരിയിലേക്ക് മാറുന്നത്. ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചുമതലയില്‍ നിന്നും ഒഴിവായ ഡോക്ടര്‍ കുറച്ചുദിവസത്തിനകം ബാലുശ്ശേരിയില്‍ ചുമതലയേറ്റെടുക്കും. കൊയിലാണ്ടിയിലെ സേവനത്തിനിടെ എല്ലാവിധ പിന്തുണയും നല്‍കിയ സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും അകമഴിഞ്ഞ നന്ദിയുണ്ടെന്ന് സന്ധ്യ കുറുപ്പ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഐ.എം.എ നാഷണല്‍ പ്രസിഡന്റ്‌സ് അപ്രീസിയേഷന്‍ അവാര്‍ഡ് നേടിയ ഡോക്ടര്‍ കോവിഡ് കാലത്ത് കൊയിലാണ്ടിയില്‍ നടത്തിയ ബോധവത്കരണ ക്യാമ്പുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റ് ഇടപെടലുകളും ഏറെ ശ്രദ്ധനേടിയിരുന്നു. പാലിയേറ്റീവ് രംഗത്തും സജീവമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

നീണ്ട അഞ്ചുവര്‍ഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചശേഷം ജനകീയ ഡോക്ടര്‍ എന്ന പ്രതിച്ഛായയോടെയാണ് സന്ധ്യ കുറുപ്പ് ഇവിടംവിട്ടുപോകുന്നത്. വടകര സ്വദേശിയായ ഡോ.സന്ധ്യ കുറുപ്പ് ഇപ്പോള്‍ കോഴിക്കോടാണ് താമസിക്കുന്നത്.