കാല്‍ നൂറ്റാണ്ടായി ഒപ്പമുള്ള കരാത്തെ അക്ഷരങ്ങളിലൂടെ പകര്‍ന്ന് ഡോക്ടര്‍; കൊയിലാണ്ടി സ്വദേശിയായ ഡോ.പി.പി.ജനാര്‍ദനന്റെ പുസ്തകം പ്രകാശനം ചെയ്തു



കൊയിലാണ്ടി: തനിക്ക് കരാത്തെ എന്ന ആയോധനകല നല്‍കിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കുകയാണ് ഡോ.ജനാര്‍ദ്ദനന്‍. കൊയിലാണ്ടിക്കാരിലേക്ക് കരാത്തെയുടെ മേന്മകള്‍ വിശദീകരിച്ച് താലൂക്ക് ആശുപത്രിയിലെ മുന്‍ഡോക്ടര്‍ പി.പി.ജനാര്‍ദ്ദനന്‍ എഴുതിയ ‘കരാത്തെ ഒരു സമഗ്ര പഠനം’ പ്രകാശനം ചെയ്തു.

മുന്‍ മിസ്റ്റര്‍ ഇന്ത്യയും ചലച്ചിത്ര നടനുമായ അബു സലിം എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഷബിതക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. ഡോക്ടര്‍ ടി.പി.മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കരാത്തെ സംഘടനയായ ഉബാസ്‌ക്കോയും ചിത്രരശ്മിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അനുരാധ ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.

വ്യക്തിത്വ വികാസത്തിനും സ്വഭാവ മേന്മക്കും കരാത്തെ പഠനം ഏറെ സഹായകമാണ്. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവര്‍ത്തനശേഷി കൂട്ടുന്നു. കരാത്തെ പരിശീലനം കൊണ്ട് ശരീരത്തിന് മൊത്തമായി വ്യായാമം കിട്ടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ അവസരത്തില്‍ കുട്ടികളെയും സ്ത്രീകളെയും ആയോധനകലകള്‍ അഭ്യസിപ്പിക്കുന്നത് സ്വയം പ്രതിരോധം സ്വീകരിക്കുന്നതിന് അവരെ സഹായിക്കും എന്ന് ഡോക്ടര്‍ പറയുന്നു.

224 പേജുകളിലായി 600 ലധികം ഫോട്ടോകള്‍ സഹിതം കരാത്തെ എന്ന ആയോധനകലയെ സൂക്ഷ്മമായി പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നതായും, കരാത്തയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉന്നത വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ് അദ്ദേഹം തയ്യാറാക്കിയിട്ടുള്ളതെന്നും പ്രസംഗകര്‍ പറഞ്ഞു.

summary: Dr. P. P. Janardhanan  released his book based on karatte