കൊയിലാണ്ടി സ്വദേശി ഡോ. മധുസൂദനന്‍ ഭരതാഞ്ജലി എന്‍.സി.ഇ.ആര്‍.ടിയിലേക്ക്; നിയമനം കലാവിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ ഡോ. മധുസൂദനന്‍ ഭരതാഞ്ജലിക്ക് എന്‍.സി.ഇ.ആര്‍.ടിയിലേയ്ക്ക് സ്ഥാനക്കയറ്റം. കലാവിദ്യാഭ്യാസ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായാണ് നിയമനം ലഭിച്ചിരിക്കുന്നത്. ഈ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയാണ് ഇദ്ദേഹം.

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന കലാകാരനാണ് ഡോ.മധുസൂദനന്‍ ഭരതാഞ്ജലി. കഴിഞ്ഞ അഞ്ചര വര്‍ഷമായി കണ്ണൂര്‍ ഡയറ്റില്‍ കലാവിഭാഗം ലക്ചററായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ഇക്കാലത്തിനിടെ കണ്ണൂര്‍ ജില്ലയിലെ കലാവിദ്യ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ മധുസൂദനന് കഴഞ്ഞിട്ടുണ്ട്.

കൊറോണക്കാലം മുതല്‍ക്കിങ്ങോട്ട് കണ്ണൂര്‍ ജില്ലയിലെ കലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക രംഗത്ത് ഇന്ത്യയിലെ പ്രഗ്ഭരായ കലാകാരന്മാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് കലാക്രിയ എന്ന കണ്ണൂര്‍ ഡയറ്റിന്റെ തനത് പദ്ധതിയിലൂടെ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്താന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. സുപ്രസിദ്ധ നര്‍ത്തകിയും കേരള കലാമണ്ഡലം ചാന്‍സലറുമായ പത്മഭൂഷണ്‍ മല്ലികാസാരാഭായിയാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തതത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിലെ കലാ സംസ്‌ക്കാരിക രംഗത്ത് സജീവസാധ്യമാണ് ഡോ. മധൂസൂദനന്‍. ഈ രംഗത്ത് ഒട്ടനവധി പ്രതിഭകളെ സൃഷ്ടിച്ചെടുക്കാന്‍ ഈകാലയളവില്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക നൃത്തോത്സവങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

കൊയിലാണ്ടി കൊല്ലം സ്വദേശിയായ കുഞ്ഞനന്തന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ ജീജയാണ് ഭാര്യ. മകന്‍: യദുമാധവ്.