കൂര്‍ക്കംവലിയെ നിസാരമായി കാണല്ലേ; മരണത്തിനുവരെ കാരണമാകുന്ന രോഗത്തിന്റെ ലക്ഷണമാവാം
ഒപ്പം ഉറങ്ങുന്നവര്‍ക്ക് മാത്രം ശല്യമുണ്ടാക്കുന്ന ഒരു പ്രശ്‌നമായാണ് കൂര്‍ക്കംവലിയെ പൊതുവെ കാണുന്നത്. എന്നാല്‍ മരണത്തിനുവരെ കാരണമാകുന്ന, ശരീരത്തിനുള്ളിലെ ചില പ്രശ്‌നങ്ങളുടെ സൂചനയാവാം ചിലപ്പോള്‍ ഈ കൂര്‍ക്കംവലി. ശ്വാസോച്ഛ്വാസ വൈകല്യമായ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയയുടെ പ്രധാന ലക്ഷണമാണ് കൂര്‍ക്കംവലി. ശ്വാസനാളിയിലെ തടസ്സം മൂലം ഉറക്കത്തില്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥയാണിത്.
അമിതവണ്ണം, ടോണ്‍സില്‍സിലെ നീര്‍ക്കെട്ട്, ഹൃദ്രോഗം തുടങ്ങി പലതും സ്ലീപ് അപ്‌നിയയ്ക്ക് കാരണമാകും. കൂര്‍ക്കംവലിയ്ക്കു പുറമേ ഈ രോഗമുള്ളവരില്‍ പകലുറക്കം കൂടുമെന്നും വിദഗ്ധര്‍ പറയുന്നു. ഒപ്പം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വായ വരണ്ടിരിക്കുക, തൊണ്ട വേദന അനുഭവപ്പെടുക, രാവിലെ തന്നെ തലവേദന പകല്‍ സമയങ്ങളില്‍ ശ്രദ്ധക്കുറവ് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങളുമുണ്ടാവും.
അമിതവണ്ണമുള്ളവരില്‍ ശ്വാസനാളിയുടെ മേല്‍ഭാഗത്തായി കൊഴുപ്പ് അടിയുന്നത് ശ്വാസോച്ഛ്വാസത്തെ ബാധിക്കാം. ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് സ്ലീപ് അപ്നിയ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. രാജ്യത്തെ മുതിര്‍ന്നവരില്‍ 13.7 ശതമാനത്തിനും മധ്യവയസ്‌കരില്‍ 7.5 ശതമാനത്തിനും ഈ രോഗം ഉണ്ടാകുന്നതായി ഗവേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന അസുഖമല്ല ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ. എന്നാല്‍ ചികിത്സയിലൂടെയും തെറാപ്പികളിലൂടെയും രോഗത്തെ നിയന്ത്രിക്കാന്‍ പറ്റും. ഒപ്പം വണ്ണം കുറച്ചും ദിവസവും ബ്രീത്തിങ് എക്‌സസൈസ് ഉള്‍പ്പെടെയുള്ള വ്യായാമങ്ങളിലൂടെയും ഈ രോഗാവസ്ഥയെ നിയന്ത്രിക്കാം.