നിങ്ങളുടെ വാഹനത്തിനും ഫൈനുണ്ടോ? കൊയിലാണ്ടിയില്‍ ജനുവരിയില്‍ മാത്രം ഫൈനടിച്ചത് 406 വാഹനങ്ങള്‍ക്ക്
കൊയിലാണ്ടി: ഹെല്‍മറ്റില്ലാതെയുള്ള ഇരുചക്ര വാഹനത്തിലെ യാത്ര, ഇന്‍ഷുറന്‍സില്ലാത്ത വാഹനം ഉപയോഗിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളില്‍ കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് ജനുവരി മാസം മാത്രം തയ്യാറാക്കിയത് 406 ചെല്ലാനുകള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ദേശീയ റോഡ് സുരക്ഷയുമായി ഭാഗമായി കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമം ലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ചെല്ലാനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങളില്‍ പുറകില്‍ ഇരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മെറ്റ് വയ്ക്കാത്തതില്‍ 210 ഇരുചക്ര വാഹനങ്ങള്‍ക്കെതിരെ ചെല്ലാന്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രം വാഹനം ഓടിച്ചതിന് 94 വാഹനങ്ങള്‍ക്കെതിരെയും, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിന് 34 വാഹനങ്ങള്‍ക്കെതിരെയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാത്ത മൂന്ന് വാഹനങ്ങള്‍ക്കെതിരെയും, വാഹന നികുതി അടക്കാതെ സര്‍വീസ് നടത്തിയ 17 വാഹനങ്ങള്‍ക്കെതിരെയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിച്ച 14 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ഓണ്‍ലൈന്‍ ഫോട്ടോ എടുത്ത് തയാറാകുന്ന ഇ ചെല്ലാനുകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ വാഹന ഉടമക്ക് എസ്എംഎസ് ആയി വിവരം ലഭിക്കും. കൂടാതെ നിങ്ങളുടെ വാഹനത്തില്‍ ചെല്ലാനുണ്ടോയെന്ന് എംപരിവാഹന്‍ ആപ്പ് വഴി പരിശോധിക്കാവുന്നതാണ്.
വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്ക് പറ്റുന്നത് ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ക്കാണെന്നും നിരന്തരമായ പരിശോധനയിലൂടെ റോഡ് അപകടങ്ങളില്‍ പരിക്ക് പറ്റുന്നവരുടെ എണ്ണം ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും കൊയിലാണ്ടി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഇ.എസ്. ബിജോയ് പറഞ്ഞു.
ചെല്ലാനുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടയ്ക്കാത്ത പക്ഷം ഇവ വിര്‍ച്യുല്‍ കോടതിക്ക് കൈമാറും. ജോയിന്റ് ജോയിന്റ് ആര്‍.ട്ടി.ഒ ഇ.എസ്. ബിജോയ്, എം.വി.ഐമാരായ പി.പി. സനീഷന്‍, എന്‍. രാകേഷ്, എ.എം.വി.ഐമാരായ ശരത് കുമാര്‍, സുധീര്‍, അനൂപ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.