കോഴിക്കോട് ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പോലീസ് പിടിയില്‍
കോഴിക്കോട്: നഗരത്തില്‍ ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം പോലീസ് പിടിയില്‍. കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് എന്‍.പി (27), എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ലോഡ്ജിലായിരുന്നു സംഭവം. വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം
സൃഷ്ടിച്ച് പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡോക്ടറെ മൂന്നംഗ സംഘം പരിചപ്പെട്ടിരുന്നു. പിന്നീട് ഡോക്ടറുടെ റൂം മനസില്ലാക്കിയ ശേഷം പുലര്‍ച്ചെ ആയുധവുമായി മുറിയില്‍ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍പേ വഴി 2500 രൂപ ട്രാന്‍ഫര്‍ ചെയ്യിപ്പിച്ചു.
മയക്കുമരുന്ന് വാങ്ങാന്‍ വേണ്ടി പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അനസും അനുവും ഡല്‍ഹിയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ പോലീസിന്റെ വലയിലാവുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച ബൈക്ക് മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.
ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.