വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ സമയമുണ്ടോ? സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തയുടെ വസ്തുത അറിയാം
കൊയിലാണ്ടി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ നാലുവരെ അവസരമുണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലും ചില മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇനിയും വൈകരുത്, പേര് ചേര്‍ക്കാത്തവരുണ്ടെങ്കില്‍ ഉടന്‍ പേര് ചേര്‍ക്കണം എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അവസരം ഈ മാസം 25ന് അവസാനിച്ചതാണെന്നും ഇനി പേര് ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് കൊയിലാണ്ടി തഹസില്‍ദാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ പത്തുദിവസമെങ്കിലും വേണ്ടതിനാല്‍ 25ന് മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്ന തരത്തിലായിരുന്നു മാധ്യമവാര്‍ത്തകള്‍. എന്നാല്‍ ഇത്തരമൊരു വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പ്രകാരം മാര്‍ച്ച് 25ന് തന്നെ പേര് ചേര്‍ക്കാനുള്ള സമയം അവസാനിച്ചതാണെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.
മാര്‍ച്ച് 25ന് ശേഷം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനായി നല്‍കിയ അപേക്ഷകള്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പരിഗണിക്കില്ല. ഏപ്രില്‍ നാലിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.